‘കെജിഎഫ് ചാപ്റ്റർ 1‘ന്റെ ഗംഭീര വിജയത്തിന് ശേഷം ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യൻ ചിത്രം ‘സലാറി‘ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസാണ് ‘സലാറി‘ൽ നായകനായി വേഷമിടുന്നത്.
‘കെജിഎഫ് ചാപ്റ്റർ 2‘ന്റെ ചിത്രീകരണം പൂർത്തിയാകാനിരിക്കെയാണ് പ്രശാന്ത് നീലിനൊപ്പം മൂന്നാമത്തെ ചിത്രം ഹോംബാലെ ഫിലിംസ് പ്രഖ്യാപിച്ചിരിക്കുന്നത്. 2021 ജനുവരിയിൽ ‘സലാർ‘ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. പ്രഭാസിന്റെ ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ‘രാധേ ശ്യാമി‘ന് ശേഷമാകും ‘സലാർ‘ തിയേറ്ററുകളിൽ എത്തുക.
മൂന്ന് ചിത്രങ്ങൾ ഇന്ത്യയിലെ വിവിധ ഭാഷകളിലായി പുറത്തിറക്കുന്ന ആദ്യ നിർമാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും ഒരുമിച്ച ‘കെജിഎഫ്‘ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ വലിയൊരു നാഴികക്കല്ലായിരുന്നു. കന്നഡ, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ‘കെജിഎഫ്‘ റിലീസ് ചെയ്തിരുന്നത്.
‘ബാഹുബലി‘ക്ക് ശേഷം രാജ്യമൊട്ടാകെ ആഘോഷിക്കപ്പെട്ട ചിത്രമായിരുന്നു ‘കെജിഎഫ് ചാപ്റ്റർ 1‘. ‘കെജിഎഫ് ചാപ്റ്റർ 2‘, ‘യുവരത്ന‘, തുടങ്ങിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ് ഇപ്പോൾ ഹോംബാലെ ഫിലിംസ്.
Read also: അവധിക്കാല വില്പനയില് റെക്കോര്‍ഡിട്ട് ആമസോണ്‍