ചെന്നൈ: തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡണ്ടായി നടി ഖുഷ്ബു സുന്ദറിനെ നിയമിച്ചു. നൈനാർ നാഗേന്ദ്രൻ പ്രസിഡണ്ടായി ചുമതലയേറ്റതിന് ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണ് ഖുഷ്ബുവിന് പ്രധാനപ്പെട്ട പദവി നൽകിയത്. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായ ഖുഷ്ബു അടുത്തിടെ പാർട്ടി പരിപാടികളിൽ നിന്ന് അകലം പാലിച്ചിരുന്നു.
രാഷ്‌ട്രീയത്തിൽ സജീവമായി തുടരുമോയെന്നത് അടക്കമുള്ള ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ നിയമനം. ഡിഎംകെയിലൂടെ രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ച ഖുഷ്ബു, പിന്നീട് കോൺഗ്രസിൽ പ്രവർത്തിച്ച ശേഷം 2020ലാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഗര മണ്ഡലത്തിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
മുതിർന്ന നേതാക്കളായ വിപി ദുരൈസാമി, കരു നാഗരാജൻ, കെപി രാമലിംഗം, ശശികല പുഷ്‌പ തുടങ്ങി 14 പേരെയാണ് വൈസ് പ്രസിഡണ്ടുമാരായി നിയമിച്ചത്. എസ്‌ജി സൂര്യയാണ് യുവമോർച്ച പ്രസിഡണ്ട്. അശ്‌ളീല വീഡിയോ വിവാദത്തിൽപ്പെട്ട് ജനറൽ സെക്രട്ടറി സ്‌ഥാനം രാജിവെച്ച കെടി രാഘവനെ ഓർഗനൈസർ പദവിയിൽ നിയമിച്ചു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!