കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി ഷെഫീഖിനെ(35) തട്ടികൊണ്ടുപോയ സംഭവത്തിൽ ആറുപേരെ കോടതി റിമാൻഡ് ചെയ്‌തു. ഹൊസ്‌ദുർഗ് പോലീസ് അറസ്‌റ്റ് ചെയ്‌ത കാസർഗോഡ് തായലങ്ങാടിയിലെ ഷഹീർ (36), മുഹമ്മദ് ആരിഫ് (40), അഹമ്മദ് നിയാസ് (39), ഫിറോസ് (35), അബ്‌ദുൾ മനാഫ് (38), മുഹമ്മദ് അൽത്താഫ് (34) എന്നിവരെയാണ് ഹൊസ്‌ദുർഗ് കോടതി (ഒന്ന്) റിമാൻഡ് ചെയ്‌തത്.
ബുധനാഴ്‌ചയാണ് കാഞ്ഞങ്ങാട് നിന്ന് സാധനങ്ങൾ വാങ്ങി കടപ്പുറത്തെ വീട്ടിലേക്ക് പോവുകയായിരുന്ന ഷെഫീഖിനെ ആറംഗ സംഘം തട്ടികൊണ്ടുപോയത്. ഷഫീഖിന്റെ കാറിന്റെ ഗ്ളാസ് തകർത്തു ബലമായി പിടിച്ചിറക്കി മറ്റൊരു കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സംഘം ഷെഫീക്കിനെ കാസർഗോട്ട് ഇറക്കിവിട്ട് രക്ഷപെടുന്നതിനിടെയാണ് അറസ്‌റ്റിലായത്.
പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ദുബൈയിൽ നിന്ന് കൊടുത്തുവിട്ട രണ്ടുലക്ഷം ദിർഹം ഷെഫീഖ് യഥാർഥ സ്‌ഥലത്ത് എത്തിച്ചില്ലെന്നും, അതിനാലാണ് ഷെഫീഖിനെ തട്ടിക്കൊണ്ടുപോയതെന്നും പ്രതികൾ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി വി ബാലകൃഷ്‌ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Read Also: കോവിഡ് ഇന്ത്യ; 41,096 രോഗമുക്‌തി, 44,643 രോഗബാധ, 464 മരണം






































