നാല് വർഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡ് താരം ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം ‘പത്താന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമയുടെ ടീസർ പങ്കുവെച്ചാണ് അണിയറ പ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടത്. അടുത്ത വർഷം ജനുവരി 25ന് ചിത്രം പ്രേക്ഷകർക്കരികിൽ എത്തും.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ജോണും ദീപികയും പത്താനെ പരിചയപ്പെടുത്തുന്നതാണ് ഇപ്പോൾ റിലീസ് ചെയ്‌ത ടീസർ. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ഒരേയൊരു ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോൾ മുഖം വ്യക്‌തമാക്കാതെ ഷാരൂഖ് ഖാൻ നടന്നു വരുന്നതും കാണാം.
View this post on Instagram
ടീസർ ഷാരൂഖ് ഖാനും സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും ഈ തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം’, എന്ന് താരം കുറിച്ചു.
സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. അതേസമയം ആനന്ദ് എല്‍ റായ് സംവിധാനം ചെയ്‌ത ‘സീറോ’ ആണ് ഷാറൂഖ് ഖാന്റേതായി ഒടുവിൽ റിലീസ് ചെയ്‌ത ചിത്രം.
Most Read: യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ കൈമാറി; മുഖ്യമന്ത്രി







































