ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. കിഷ്ത്വാറിലെ സിങ്പോര മേഖലയിലാണ് മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിരിക്കുന്നത്. റിപ്പബ്ളിക് ദിന ആഘോഷങ്ങളോട് അനുബന്ധിച്ച് അതിർത്തി മേഖലകളിൽ സുരക്ഷാ വിന്യാസവും നിരീക്ഷണവും ശക്തമാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതും തുടർന്ന് സൈന്യം പ്രദേശം വളഞ്ഞതും. നിലവിൽ സൈന്യത്തിന്റെ പാരാ സ്പെഷ്യൽ ഫോഴ്സിലെ സൈനികരാണ് ഈ മേഖലയിൽ ഊർജിതമായ തിരച്ചിൽ നടത്തുന്നത്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ഭീകരരാണ് ഈ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. ഭീകരർക്ക് പ്രദേശം വിട്ട് പുറത്തുപോകാൻ കഴിയാത്ത രീതിയിൽ എല്ലാ വഴികളും അടച്ച് പഴുതടച്ചുള്ള പരിശോധനയാണ് സൈന്യം നടത്തുന്നത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ കാരണങ്ങളാൽ കൂടുതൽ വിശദാംശങ്ങൾ സൈന്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
നിലവിൽ സൈനികരുടെ ഭാഗത്ത് പരിക്കുകളോ മറ്റു നാശനഷ്ടങ്ങളോ ഉള്ളതായി റിപ്പോർട്ടുകളില്ല. ഓപ്പറേഷൻ പൂർത്തിയായ ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം ലഭ്യമാവുകയുള്ളൂ. മേഖലയിൽ ഇപ്പോഴും ശക്തമായ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം




































