കേരള കർഷക ദിനം: കെഎം ഷജീറിന് പൊൻകതിർ പുരസ്‌കാരം

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിലുള്ള എവർഗ്രീൻ സമിതിയുടെ കേരള കർഷക ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് കെഎം ഷജീറിന് പൊൻകതിർ പുരസ്‌കാരം സമർപ്പിച്ചത്.

By Senior Reporter, Malabar News
ponkathir award
കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെജി ബാബുവിൽ നിന്ന് കെഎം ഷജീർ പൊൻകതിർ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.
Ajwa Travels

പൊന്നാനി: മലയാള മാസം ചിങ്ങം ഒന്നാം തീയതി മലയാളികൾ ആഘോഷിക്കുന്ന ‘കേരള കർഷക ദിനം’ നരിപ്പറമ്പ് അൽ ബഷീർ ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്‌) ആഘോഷിച്ചു.

മൂന്നാമത് പൊൻകതിർ പുരസ്‌കാര സമർപ്പണവും ഇതോടൊന്നിച്ച് നടന്നു. ഈ വർഷത്തെ പൊൻകതിർ പുരസ്‌കാരത്തിന് ആലംങ്കോട് ഒതളൂർ സ്വദേശി കെഎം ഷജീറാണ് അർഹനായത്. കോലിക്കര പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന മുപ്പത്തിനാല് വയസുകാരനായ ഷജീർ യുവ കർഷകനാണ്.

മുപ്പത് വർഷത്തോളം തരിശ് ഭൂമിയായി കിടന്നിരുന്ന അമ്പത് ഏക്കർ കൃഷി സ്‌ഥലം പാട്ടത്തിനെടുത്ത് കേരളത്തിലെ പരമ്പരാഗത നെൽകൃഷി ഇറക്കുകയും അതിൽ വിജയകരമായി മുന്നേറുന്നതും പരിഗണിച്ചാണ് ഷജീറിന് അവാർഡ്. കൂടാതെ കന്നുകാലി വളർത്തലും മൽസ്യകൃഷി, തെങ്ങ്, കവുങ്ങ്, ജാതി (ഇരട്ട ജാതി) കുരുമുളക്, വാഴ തുടങ്ങിയവയും, വിവിധയിനം പച്ചക്കറികളും, പഴവർഗ്ഗങ്ങളും ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്.

പഞ്ചായത്തിന്റെ യുവ കർഷക അവാർഡും, മികച്ച കർഷകനുളള അവാർഡും ഷജീറിന് മുൻപ് ലഭിച്ചിട്ടുണ്ട്. പരമ്പരാഗത കർഷകനായിരുന്ന പരേതനായ പിതാവ് കോട്ടപ്പുറത്ത് വളപ്പിൽ മൂസയുടെ പ്രോൽസാഹനവും പിന്തുണയുമാണ് നന്നേ ചെറുപ്പത്തിൽ തന്നെ കൃഷിയിലേക്ക് ഇറങ്ങാൻ ഇദ്ദേഹത്തിന് പ്രേരണയായത്. പ്ളസ് ടു വിദ്യാഭ്യാസം നേടിയ ഈ യുവ കർഷകന്റെ മാതാവ് ആയിഷുവും ജീവിതപങ്കാളി സഹലയുമാണ്. മുഹമ്മദ് സയാൻ, സ്വയ്ബ എന്നിവർ മക്കളാണ്.

Kerala Farmers' Day celebration-PCWF
ചടങ്ങിൽ നിന്നുള്ള ദൃശ്യം

കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെജി ബാബുവാണ് ചടങ്ങിൽ പുരസ്‌കാരം സമർപ്പിച്ചത്. യുഎഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീർ ഈശ്വരമംഗലം കമ്മിറ്റിയുടെ ക്യാഷ് അവാർഡ് സമ്മാനിച്ചു. അവാർഡ് ജേതാവിനെ അന്താരാഷ്‌ട്ര ഫാൽക്കണിസ്‌റ്റ് ഡോ. സുബൈർ മേടമ്മൽ പൊന്നാട അണിയിച്ച് ആദരിച്ചു.

കേരള കാർഷിക സർവകലാശാലയിലെ പ്രൊഫസർ ഡോ. സജീന എസ് “മണ്ണും ജലവും കൃഷിയുടെ അടിസ്‌ഥാനങ്ങൾ” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കൃഷി വിജ്‌ഞാൻ കേന്ദ്രത്തിലെ അസിസ്‌റ്റൻഡ്‌ പ്രൊഫസർ ഡോ. ലിലിയ ബേബി കർഷകദിന സന്ദേശം നൽകി. ചെറുകിട കർഷകരായ ആരിഫ (മാറഞ്ചേരി), കൃഷ്‌ണൻ നായർ (ആലംങ്കോട്), പങ്കജം (വട്ടംകുളം), ആസിയ, റഫീഖത്ത് (തവനൂർ) എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

എവർഗ്രീൻ ചെയർപേഴ്‌സൺ ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു. കൺവീനർ ഇ. ഹൈദരലി മാസ്‌റ്റർ സ്വാഗതം പറഞ്ഞു. പുരസ്‌കാര ജൂറിയുടെ റിപ്പോർട് ഡോ. അബ്‌ദുറഹ്‌മാൻ കുട്ടി അവതരിപ്പിച്ചു. സിവി മുഹമ്മദ് നവാസ്, റിട്ട. ബിഡിഒ ഇബ്രാഹിം കുട്ടി, രണ്ടാമത് പൊൻകതിർ പുരസ്‌കാര ജേതാവ് കെസി അബൂബക്കർ ഹാജി എന്നിവർ ആശംസകൾ നേർന്നു. സുജീഷ് നമ്പ്യാർ ചടങ്ങിൽ നന്ദി പറഞ്ഞു.

Kerala Farmers' Day-PCWF
ചടങ്ങിൽ നിന്നുള്ള ദൃശ്യം

കൊല്ലവർഷം പിറക്കുന്ന ചിങ്ങത്തെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും മാസമായാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് ചിങ്ങം ഒന്ന് മലയാളിക്ക് കർഷക ദിനമായത്. എന്നാൽ, ഇന്ത്യയുടെ ദേശീയ കർഷകദിനം ‘കിസാൻ ദിവസ്’ എല്ലാ വർഷവും ഡിസംബർ 23നാണ് ആഘോഷിക്കുന്നത്.

ഇന്ത്യയുടെ ഏഴാമത്തെ പ്രധാനമന്ത്രിയും കർഷക നേതാവുമായിരുന്ന ചൗധരി ചരൺ സിങ്ങിന്റെ ജൻമദിനമാണിത്. ഇന്ത്യൻ കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നിരവധി നയങ്ങൾ അവതരിപ്പിച്ച വ്യക്‌തിയായത് കൊണ്ടാണ് ഇദ്ദേഹത്തിന്റെ ജൻമദിനത്തിൽ ദേശീയ കർഷകദിനം ആഘോഷിക്കുന്നത്.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE