കൊച്ചി: ഇരുമ്പനത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് ഒരുമരണം. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുമ്പനം പാലത്തിന് സമീപം ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നുവന്ന ടോറസ് ലോറിയിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്.
ഇരുമ്പനം ഭാഗത്ത് നിന്നും കാക്കനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും സിമന്റ് കയറ്റി കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന നാല് പേരിൽ മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരപ്പള്ളി രജിസ്ട്രേഷനിലുള്ള കാർ നിലവിൽ തൃപ്പുണിത്തുറ സ്വദേശിയുടെ പേരിലാണുള്ളത്. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Most Read| ഇന്ത്യ-ചൈന അതിർത്തിയിൽ പട്രോളിങ് തുടങ്ങി






































