കൊച്ചി: പുതുവൽസര ആഘോഷത്തോട് അനുബന്ധിച്ചുള്ള കൊച്ചിൻ കാർണിവലിന്റെ ആഘോഷ പരിപാടികൾ റദ്ദാക്കി. മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിന്റെ പശ്‌ചാത്തലത്തിലാണ് തീരുമാനം.
കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഫോർട്ട് കൊച്ചി പരേഡ് മൈതാനിയിൽ പപ്പാഞ്ഞിയെ കത്തിക്കുന്നതും പുതുവൽസര ദിനത്തെ റാലിയും റദ്ദാക്കി. എന്നാൽ, ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്‌ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കും. ഗാല ഡി ഫോർട്ട് നേതൃത്വത്തിലാണ് വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുക.
കൊച്ചിൻ കാർണിവലിന്റെ ഭാഗമായി പരേഡ് മൈതാനിയിൽ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെയും വെളി മൈതാനത്ത് 42 അടി ഉയരമുള്ള പപ്പാഞ്ഞിയെയും കത്തിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണം എന്നതടക്കമുള്ള ഉപാധികളോടെയാണ് ജസ്‌റ്റിസ് ഹരിശങ്കർ വി മേനോൻ പപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകിയത്.
40 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്നും ഇത് നീക്കണമെന്നും പോലീസ് ആവശ്യപ്പെട്ടതിനെതിരെ സംഘാടകരായ ഗാല ഡി ഫോർട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ക്രമാസമാധാന പ്രശ്‌നം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് പോലീസ് തടഞ്ഞത്.
Most Read| പെരിയ ഇരട്ടക്കൊലക്കേസ്; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി