കണ്ണൂർ: മാക്കൂട്ടം ചുരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം. നവംബർ 15 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. നേരത്തെ ഒക്‌ടോബർ 30 വരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നവംബർ ആദ്യവാരം പിൻവലിക്കുമെന്ന് സൂചന ഉണ്ടായിരുന്നു. എന്നാൽ, കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടും കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം തുടരാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
നിലവിൽ മാക്കൂട്ടം ചുരം വഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് വ്യക്‌തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ചരക്ക് വാഹനങ്ങളിലെ തൊഴിലാളികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റ് മതിയാകും. പത്തോളം ജീവനക്കാരെയാണ് നിലവിൽ അതിർത്തിയിൽ പരിശോധനക്ക് നിർത്തിയിരിക്കുന്നത്.
കർണാടകയിൽ നിന്ന് കേരളത്തിലേക്കും കേരളത്തിൽ നിന്ന് തിരിച്ചു കർണാടകയിലേക്കുമുള്ള എല്ലാ ബസ് സർവീസുകളും ആരംഭിച്ചിട്ടില്ല. അതേസമയം, ഇന്ത്യ മുഴുവൻ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ സഞ്ചരിക്കാമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് കുടക് ഭരണകൂടത്തിന്റെ കർശന നിയന്ത്രണങ്ങൾ തുടരുന്നത്. ഇതിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
Most Read: മാദ്ധ്യമ പ്രവർത്തകക്കും ഭർത്താവിനും നേരെ ട്രെയിനിൽ ആക്രമണം; യുവാക്കൾ അറസ്‌റ്റിൽ







































