തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരികെ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ഉടൻ തീരുമാനമെടുക്കും എന്നാണ് സൂചന. അടുത്ത മാസം 6,7 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ മടങ്ങിയെത്താനാണ് സാധ്യത.
അതിന് മുൻപായി ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഈ വിഷയം ചർച്ച ചെയ്തേക്കും. അർബുദ രോഗ ചികിൽസക്ക് വേണ്ടിയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്തത്. എ വിജയരാഘവൻ ആയിരുന്നു പകരം ചുമതല വഹിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകൻ ബിനീഷ് അറസ്റ്റിലായതോടെ അദ്ദേഹം സ്വയം മാറി നിൽക്കുകയാണെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു.
ഇപ്പോൾ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടാകുകയും, ബിനീഷിന് ജാമ്യം ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹം മടങ്ങി എത്താനുള്ള സാധ്യത ഏറെയാണ്. അതിന് പുറമെ ആക്ടിംഗ് സെക്രട്ടറിയുടെ കീഴിൽ പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിൽ ഒരു മാറ്റം വരണമെന്ന് പാർട്ടി സംസ്ഥാന നേതൃത്വവും ആഗ്രഹിക്കുന്നുണ്ട്.
Read Also: കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്