തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ് പകരം ചുമതല. സ്ഥാനത്തു നിന്ന് മാറി നില്ക്കാന് കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം അംഗീകരിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടാണ് മാറി നില്‍ക്കുന്നതെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം.
ചികിൽസാർഥം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ അനുവദിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി യോഗത്തിലാണ് കോടിയേരി അറിയിച്ചത്. അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ, എത്ര നാളത്തേക്കാണ് അവധി എന്ന് വ്യക്തമാക്കിയിട്ടില്ല
തദ്ദേശ തെരഞ്ഞെടുപ്പടകം നിര്‍ണ്ണായക ഘട്ടത്തിലാണ് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നത്. മകൻ ബിനീഷ് കോടിയേരിക്കെതിരായ കടുത്ത ആരോപണങ്ങളും എൻഫോഴ്സ്മെന്റ് കേസും ജയിലിൽ കഴിയേണ്ടിവരുന്ന പശ്ചാത്തലവുമെല്ലാം നിലനിൽക്കെയാണ് കോടിയേരി സ്ഥാനം ഒഴിഞ്ഞത്.
2015ൽ ആലപ്പുഴയിൽ നടന്ന പാർട്ടി സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിൻഗാമിയായി കോടിയേരി സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. പിന്നീട് 2018ലെ കോഴിക്കോട് സമ്മേളനവും കോടിയേരി സെക്രട്ടറി സ്ഥാനത്ത് തുടരാൻ തീരുമാനിച്ചു.
മക്കളുടെ വിവാദങ്ങളാണ് കോടിയേരിയുടെ സ്ഥാനം നഷ്ടമാക്കുന്നതിലേക്ക് നയിച്ചത്. ആദ്യം ബിനോയ് കോടിയേരിക്കെതിരായ വിവാദം ഉയർന്ന് വന്ന ഘട്ടത്തിലും കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, ആ വാർത്ത പാർട്ടി നിഷേധിക്കുകയും ബിനോയ്ക്കെതിരായ സാമ്പത്തിക പരാതി ഒത്തുതീർപ്പായതോടെ വിവാദം കെട്ടടങ്ങുകയുമായിരുന്നു.
എന്നാൽ, അവിടം കൊണ്ട് പ്രശ്നങ്ങൾ അവസാനിച്ചില്ല. തിരുവനന്തപുരം സ്വർണക്കടത്ത് കേസ് ഉയർന്ന് വന്ന ഘട്ടത്തിൽ തന്നെ ബംഗളൂരുവിൽ മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടുകയും കേസിലെ മുഖ്യപ്രതിയായ അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടാണ് ബിനീഷ് കോടിയേരിയെ കുടിക്കുകയും ചെയ്തു. തുടർന്ന് ബിനീഷിനെ രണ്ട് തവണ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിനീഷിന്റെ തിരുവനന്തപുരത്തെ വീട് റെയ്ഡ് ചെയ്യുന്ന ഘട്ടം വരെ എത്തിയിരുന്നു.
ചികിൽസാർഥമാണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുന്നതെന്ന് പാർട്ടി വിശദീകരണം നൽകിയെങ്കിലും ബിനീഷുമായി ബന്ധപ്പെട്ട വിവാദമാണ് അതിന് കാരണമെന്ന് വ്യക്തമാണ്.









































