കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അബ്‌ദുൽ റഷീദിന്റെ മകൻ അന്നൂസ് റോഷനെയാണ് (21) മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തുന്നത്.
അന്നൂസ് റോഷനുമായി പിതാവ് ഫോണിൽ സംസാരിച്ചു. തട്ടിക്കൊണ്ടുപോയ സംഘം മറ്റൊരു വാഹനത്തിൽ യുവാവിനെ കയറ്റിവിടുകയായിരുന്നു. കൊണ്ടോട്ടി ബസ് സ്‌റ്റാൻഡിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. ഈ മാസം 17ആം തീയതി വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
രണ്ട് വാഹനങ്ങളിൽ ആയുധങ്ങളുമായി ഒരു സംഘം വീട്ടിലെത്തി അന്നൂസിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രതികൾക്കായി പോലീസ് കഴിഞ്ഞദിവസം ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
തട്ടിക്കൊണ്ടുപോയ സംഘത്തിന് വാഹനങ്ങൾ വാടകയ്‌ക്ക് നൽകിയ കൊണ്ടോട്ടി സ്വദേശികളായ റംഷിദ് മൻസിലിൽ മുഹമ്മദ് റിസ്വാൻ (22), ചിപ്പിലിക്കുന്ന് കളത്തിങ്കൽ അനസ് (24), കിഴക്കോത് പരപ്പാറ സ്വദേശി കല്ലിൽ മുഹമ്മദ് ഷാഫി എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണമാണ് അന്നൂസിലേക്ക് എത്തിയതെന്നാണ് സൂചന.
യുവാവിനെ കൊടുവള്ളി പോലീസിന് കൈമാറി. പോലീസ് ഉടൻ യുവാവുമായി കൊടുവള്ളിയിൽ എത്തും. പ്രതികൾ ഒളിവിലായതിനാൽ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസ് അന്വേഷിക്കുന്നതിനായി താമരശ്ശേരി ഡിവൈഎസ്‌പി സുശീൽ കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
അന്നൂസ് റോഷന്റെ സഹോദരൻ അജ്‌മൽ റോഷൻ വിദേശത്താണ്. ഇയാളുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് അന്നൂസിനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. അനൂസിന്റെ ഉമ്മ ജമീലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് വാഹനങ്ങളിലായാണ് സംഘം വീട്ടിൽ വന്നതെന്നും അനൂസിന്റെ ഉപ്പയെ തട്ടിക്കൊണ്ടുപോകാനാണ് അവർ ശ്രമിച്ചതെന്നും ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് അനൂസിനെ സംഘം പിടിച്ചുകൊണ്ടുപോയതെന്നും ജമീല പറഞ്ഞു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ