ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം തുടരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ മെല്ലെപ്പോക്ക് സംശയം ജനിപ്പിക്കുന്നതാണ്. വമ്പൻ സ്രാവുകൾ ഇതിന് പിന്നിൽ ഉണ്ടെന്നുമാണ് ഡോക്‌ടറുടെ മാതാപിതാക്കളും സഹപ്രവർത്തകരും പറയുന്നത്.
‘കൊല്ലപ്പെട്ട ഡോക്‌ടർക്ക് പല കാര്യങ്ങളും അറിയാമായിരുന്നു’ എന്നാണ് സഹപ്രവർത്തകർ പറയുന്നത്. ഇതിന്റെ പേരിലാണോ കൊലപാതകമെന്നും ഇവർ സംശയിക്കുന്നു. ആശുപത്രി കേന്ദ്രീകരിച്ച് മരുന്ന് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ഇതേക്കുറിച്ച് കൊല്ലപ്പെട്ട ഡോക്‌ടർക്ക് അറിവുണ്ടാമായിരിക്കാം എന്നുമാണ് സഹപ്രവർത്തകർ പറയുന്നത്.
ആശുപത്രിയുടെ ഭാഗത്ത് നിന്ന് വൻ സമ്മർദ്ദമുണ്ടായതായി ഡോക്‌ടർ ഡയറിയിൽ എഴുതി വെച്ചിരുന്നതും സഹപ്രവർത്തകർ ചൂണ്ടിക്കാട്ടി. തുടർച്ചയായി 36 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ശിക്ഷാനടപടികളുടെ ഭാഗമായി തുടർച്ചയായി ജോലി ചെയ്യിപ്പിക്കുന്നത് ഇവിടുത്തെ രീതിയാണെന്നും അവർ പറഞ്ഞു.
മകളുടെ കൊലപാതകത്തിൽ ചില സഹപ്രവർത്തകരുടെ പങ്ക് സംശയിക്കുന്നതായി മാതാപിതാക്കളും സിബിഐക്ക് മൊഴി നൽകിയിരുന്നു. ഏതാനും ഡോക്‌ടർമാരുടെ പേരുകളും പരാമർശിച്ചിരുന്നു. എന്നാൽ, അറസ്‌റ്റിലായ സഞ്‌ജയ് റോയിക്ക് പുറമെ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നതിൽ സിബിഐക്ക് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
യുവതിയുടെ നഖത്തിൽ നിന്ന് കിട്ടിയ ത്വക്കിന്റെ ഭാഗങ്ങൾ പ്രതിയുടേതാണെന്ന് വ്യക്‌തമായിട്ടുണ്ട്. യുവതിയുടെ രക്‌തക്കറ പ്രതിയുടെ വസ്‌ത്രത്തിലും ചെരിപ്പിലും കണ്ടെത്തി. മൃതദേഹം കിടന്ന സെമിനാർ ഹാളിൽ നിന്ന് പ്രതിയുടെ ഇയർ ഫോണും ലഭിച്ചിരുന്നു. ഈ മാസം ഒമ്പതിനാണ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ നിലയിൽ പോസ്‌റ്റ് ഗ്രാജ്വേറ്റ് ട്രെയിനിയായ വനിതാ ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്‌റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ പിജി ഡോക്‌ടറാണ് കൊല്ലപ്പെട്ടത്.
Most Read| മുന്നിൽ 3 വഴികൾ; ജെഎംഎം വിടാൻ ചംപയ് സോറൻ? ബിജെപിയിലേക്കെന്ന് സൂചന