തിരുവനന്തപുരം: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്തെ ഡോക്‌ടർമാർ നാളെ പണിമുടക്കും. നാളെ രാവിലെ ആറുമുതൽ ഞായറാഴ്‌ച രാവിലെ ആറുവരെയാണ് പണിമുടക്ക്.
മെഡിക്കൽ കോളേജുകൾ ഉൾപ്പടെയുള്ള ആശുപത്രികളിൽ ഒപി പ്രവർത്തിക്കില്ല. നേരത്തെ നിശ്‌ചയിച്ച ശസ്‌ത്രക്രിയകൾ മാറ്റിവെക്കും. പഠന കേന്ദ്രങ്ങൾ, യോഗങ്ങൾ എന്നിവയിൽ നിന്ന് ഡോക്‌ടർമാർ വിട്ടുനിൽക്കും. എന്നാൽ, അടിയന്തിര ശസ്‌ത്രക്രിയകൾ, തീവ്രപരിചരണ വിഭാഗം, പ്രസവമുറി, കാഷ്വാലിറ്റി എന്നിവയിൽ ഡോക്‌ടർമാരുടെ സേവനം ഉണ്ടാകും.
അതേസമയം, പിജി ഡോക്‌ടർമാരുടെ സമരത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ രോഗികൾ ഇന്ന് വലഞ്ഞു. സമരം ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിച്ചു. കോളേജ് പരിസരത്ത് ഡോക്‌ടർമാർ പ്രതിഷേധ പ്രകടനം നടത്തി. നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം നടത്തിയത്. നിരവധി പിജി ഡോക്‌ടർമാർ മാർച്ചിൽ പങ്കെടുത്തു.
കാഷ്വാലിറ്റി ഉൾപ്പടെയുള്ള വിഭാഗങ്ങളുടെ പ്രവർത്തനത്തെ സമരം സാരമായി ബാധിച്ചു. പത്ത് ഡോക്‌ടർമാർ വരെ പരിശോധന നടത്തിയിരുന്ന ചില വിഭാഗങ്ങളിൽ ഇന്ന് മൂന്നുപേർ മാത്രമാണ് ഉണ്ടായത്. ഇതോടെ രോഗികളുടെ വലിയ നിരയാണ് പരിശോധനക്കായി കാത്തുനിന്നത്. കൊച്ചിയിൽ ജനറൽ ആശുപത്രിയുടെ പ്രവർത്തനം വലിയ തോതിൽ തടസപ്പെടുത്താതെ ആയിരുന്നു ഡോക്‌ടർമാരുടെ പ്രതിഷേധം.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി