കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആരംഭിച്ച സമരം തുടരുമെന്ന് ജൂനിയർ ഡോക്‌ടർമാർ. സമരം അവസാനിപ്പിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം അംഗീകരിക്കില്ലെന്നാണ് ഡോക്‌ടർമാരുടെ നിലപാട്.
വനിതാ ഡോക്‌ടറുടെ ബലാൽസംഗ കൊലപാതകത്തിൽ ഇടപെട്ട സുപ്രീം കോടതി ഇന്നലെ പ്രതിഷേധം അവസാനിപ്പിച്ച് സേവനം തുടരാൻ സമരം ചെയ്യുന്ന ഡോക്‌ടർമാരോട് നിർദ്ദേശിച്ചിരുന്നു. കൊൽക്കത്ത പോലീസ് കമ്മീഷണറും ആരോഗ്യ സെക്രട്ടറിയും രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആരോഗ്യവകുപ്പ് ആസ്‌ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും ജൂനിയർ ഡോക്‌ടർമാർ അറിയിച്ചു.
ഇന്ന് വൈകിട്ട് അഞ്ചുമണിക്കുള്ളിൽ ജോലിയിലേക്ക് പ്രവേശിക്കണമെന്നാണ് കോടതി ഇന്നലെ നിർദേശിച്ചിരുന്നത്. പൊതുസമൂഹത്തിന് സേവനം നൽകാൻ ഡോക്‌ടർമാർക്ക് ബാധ്യതയുണ്ടെന്ന് മറക്കരുതെന്നും ഡോക്‌ടർമാർ തിരികെ പ്രവേശിച്ചില്ലെങ്കിൽ പശ്‌ചിമബംഗാൾ സർക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.
ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം. ഡോക്‌ടർമാരുടെ ആശങ്കകൾ പരിഹരിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പശ്‌ചിമബംഗാൾ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. അതിനായി സിസിടിവികൾ ഉൾപ്പടെ മറ്റു ഘടനാപരമായ മാറ്റങ്ങൾ വരുത്തണമെന്നും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുകയാണ്.
Most Read| മൂന്നുവർഷം സർക്കാർ എന്ത് ചെയ്യുകയായിരുന്നു? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി