കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൊൽക്കത്ത നഗരത്തിൽ വൻ പ്രതിഷേധ റാലി. ‘നഭന്ന അഭിജാൻ’ (സെക്രട്ടറിയേറ്റ് മാർച്ച്) എന്ന് പേരിട്ടിരിക്കുന്ന മാർച്ചിനെ തുടർന്ന് കൊൽക്കത്ത നഗരം വൻ സുരക്ഷാ വലയത്തിലാണ്. മാർച്ചിനിടെ അക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടും ഉണ്ട്.
ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസടക്കം സ്‌ഥിതി ചെയ്യുന്ന സെക്രട്ടറിയേറ്റിലേക്ക് എത്തുന്നതിന് മുൻപ് പ്രതിഷേധ മാർച്ച് തടയാനാണ് കൊൽക്കത്ത പോലീസിന്റെ നീക്കം. സുരക്ഷയ്‌ക്കായി 6000 പോലീസുകാരെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട വനിതാ ഡോക്‌ടർക്ക് നീതി ആവശ്യപ്പെട്ടാണ് വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ മാർച്ച് നടക്കുന്നത്.
ബലാൽസംഗ കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്‌റ്റ് ചെയ്യണമെന്നതിന് പുറമെ മമത ബാനർജി രാജി വെക്കണമെന്നും വിദ്യാർഥി സംഘടനയായ ‘പശ്‌ചിംബംഗ ഛത്രോ സമാജ്’ ആവശ്യപ്പെടുന്നുണ്ട്. റാലി സമാധാനപരമായിരിക്കും എന്നാണ് സംഘടനാ നേതാക്കൾ അറിയിച്ചിരിക്കുന്നത്. എന്നാൽ, ബംഗാളിൽ അരാജകത്വം സൃഷ്‌ടിക്കാനുള്ള ഗൂഢാലോചനയുടെ തെളിവുകൾ തങ്ങൾക്ക് ലഭിച്ചുവെന്നാണ് പോലീസ് അവകാശപ്പെടുന്നത്.
രാവിലെ മുതൽ നഗരത്തിലെ പ്രധാനപ്പെട്ട സ്‌ഥലങ്ങളിൽ ബാരിക്കേഡ് വെച്ച് നിരത്തിയിട്ടുണ്ട്. ഹേസ്‌റ്റിങ്സ്, ഫർലോങ് ഗേറ്റ്, സ്ട്രാൻഡ് റോഡ്, കൊൽക്കത്തയുടെ ഇരട്ട നഗരമായ ഹൗറ തുടങ്ങിയ സ്‌ഥലങ്ങൾ പോലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ്. 19 ഇടങ്ങളിൽ പ്രതിഷേധക്കാരെ തടയാനുള്ള നീക്കവും പോലീസ് ശക്‌തമാക്കിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ അടക്കം നഗരത്തിൽ ക്യാമ്പ് ചെയ്യുകയാണ്.
Most Read| ചംപയ് സോറൻ വെള്ളിയാഴ്‌ച ബിജെപിയിൽ ചേരും