കൊല്ലം: സിപിഎമ്മിന് കൊല്ലം കോർപറേഷന്റെ പിഴ നോട്ടീസ്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ മുഴുവൻ കൊടികളും ഫ്ളക്സ് ബോർഡുകളും സ്ഥാപിച്ചതിനാണ് കോർപറേഷൻ പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്. 3.5 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ നോട്ടീസിൽ പറയുന്നത്.
സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ളക്സ് ബോർഡുകളും 2500 കൊടികളും കെട്ടിയതിനാണ് പിഴ. ഫീസ് അടച്ചു അനുമതി തേടിയെങ്കിലും കോർപറേഷൻ തീരുമാനമെടുത്തിരുന്നില്ല. പിഴ അടയ്ക്കുന്നതിൽ സിപിഎമ്മും തീരുമാനമെടുത്തിട്ടില്ല. സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് ഭരണസമിതി തന്നെയാണ് കൊല്ലം കോർപറേഷൻ ഭരിക്കുന്നത് എന്നതിനാലാണിത്.
കൊല്ലം നഗരം മുഴുവൻ ബോർഡുകൾ കെട്ടിത്തൂക്കിയിരിക്കുകയാണെന്നും 200ഓളം പരാതികളാണ് ലഭിച്ചതെന്നും എന്നാൽ അതിന് ഉത്തരവാദികളായവരുടെ പേരുകൾ പറയാൻ പരാതിക്കാർക്ക് പോലും ഭയമാണെന്നും ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു.
”ഡോക്ടർമാരും അഭിഭാഷകരും രാഷ്ട്രീയക്കാരുമൊക്കെയാണ് പരാതി അയച്ചിരിക്കുന്നത്. എന്നാൽ, പേടി മൂലം ബോർഡ് വെച്ചവരുടെ പേര് പറയുന്നില്ല. ഭയത്തിലാണ് ഈ സംസ്ഥാനം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അത് നല്ലതിനല്ല. പോലീസുകാർക്ക് പേടി, സെക്രട്ടറിമാർക്കും പേടി, എല്ലാവർക്കും പേടി. പേടിമൂലം നയിക്കപ്പെടുന്നത് ജനാധിപത്യമല്ല”- അനധികൃത ബോർഡുകളും കൊടികളും സംബന്ധിച്ച ഹരജി പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ







































