കൊല്ലം: കുന്നിക്കോട് നിന്ന് കാണാതായ 13-വയസുകാരിയെ മലപ്പുറം തിരൂരിൽ നിന്ന് കണ്ടെത്തി. പെൺകുട്ടി തന്നെയാണ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടെന്ന വിവരം ബന്ധുക്കളെ ഫോൺ വിളിച്ചറിയിച്ചത്. നിലവിൽ കുട്ടി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.
കുട്ടിയെ തിരിച്ചെത്തിക്കാൻ രക്ഷിതാക്കളും കുന്നിക്കോട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തിരൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് പെൺകുട്ടിയെ കാണാതായത്. ഭക്ഷണം കഴിക്കാൻ പറഞ്ഞതിന്റെ പേരിൽ അമ്മ ശകാരിച്ചതിനെ തുടർന്ന് വീട്ടിൽ നിന്ന് കുട്ടി ഇറങ്ങിപ്പോയെന്നാണ് വിവരം. ഉച്ചയോടെയാണ് കുട്ടി വീടുവിട്ട് ഇറങ്ങിയത്.
എന്നാൽ, വൈകിട്ട് ആറരയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് പോലീസിൽ പരാതി ലഭിച്ചത്. കുട്ടി ട്രെയിൻ കയറിപ്പോയെന്ന വിവരത്തെ തുടർന്ന് എറണാകുളം ഭാഗത്തേക്കുള്ള പല ട്രെയിനുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് ഇന്ന് രാവിലെ കുട്ടി വീട്ടിലേക്ക് വിളിച്ചത്. സ്റ്റേഷനിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയുടെ ഫോണിൽ നിന്നാണ് വിളിച്ചത്. താൻ സുരക്ഷിതയാണെന്നും കുട്ടി പറഞ്ഞു.
Most Read| ബ്രസീലിൽ 40 കോടി രൂപയ്ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ







































