കൊല്ലം: ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആർടിസി ഫാസ്‌റ്റ് പാസഞ്ചറും എസ്‌യുവി വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. എസ്‌യുവി യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ്‌മുക്ക് പ്രിൻസ് വില്ലയിൽ പ്രിൻസ് തോമസ് (44), മക്കളായ അൽക്ക (5), അതുൽ (14) എന്നിവരാണ് മരിച്ചത്.
പ്രിൻസിന്റെ ഭാര്യ ബിന്ദ്യ, മകൾ ഐശ്വര്യ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഐശ്വര്യയുടെ നില അതീവ ഗുരുതരമാണ്. കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്ന 20 പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ 6.10ഓടെയാണ് അപകടമുണ്ടായത്.
കരുനാഗപ്പള്ളിയിൽ നിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും എതിർഭാഗത്ത് നിന്ന് വന്ന എസ്‌യുവിയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ എസ്‌യുവി വാഹനം പൂർണമായി തകർന്നു.
യുഎസിലേക്ക് പോകുന്നതിനായി ബിന്ദ്യയുടെ സഹോദരന്റെ മകനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങി വരികയായിരുന്നു കുടുംബം. അഞ്ചുപേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മരിച്ച അതുൽ ഒമ്പതാം ക്ളാസ് വിദ്യാർഥിയും അൽക്ക എൽകെജി വിദ്യാർഥിനിയുമാണ്. പരിക്കേറ്റ ഐശ്വര്യ പ്ളസ് ടു വിദ്യാർഥിയാണ്.
Most Read| സസ്‌പെൻഷന് പിന്നാലെ പാർട്ടി വിട്ട് കെ. കവിത; എംഎൽസി പദവിയും രാജിവച്ചു