കോന്നി: പയ്യനാമൺ അടുകാട് ചെങ്കളം പാറമടയിൽ പാറ ഇടിഞ്ഞുവീണ് കാണാതായ അതിഥി തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു. എൻഡിആർഎഫ് സംഘവും സ്‌ഥലത്തെത്തി. ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ച അതിഥി തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഒഡിഷ കാൺധമാൽ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹമാണ് കണ്ടെത്തിയത്.
പാറ പൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവർ ബിഹാർ സിമർജല ജമുയ് ഗ്രാം സിമർജിയ അജയ് കുമാർ റായിയെ (38) ആണ് കാണാതായത്. പാറ ഇടിയുന്നതിനാൽ ദൗത്യം സങ്കീർണമാണ്. ആഴമേറിയ വലിയ പാറമടയുടെ മുകൾ ഭാഗത്ത് നിന്ന് മണ്ണും പറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്ക് പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിൽ ഉണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം.
മണിക്കൂറുകൾക്ക് ശേഷം വൈകീട്ട് 6.15നാണ് മറ്റൊരു യന്ത്രം എത്തിച്ച് പാറ പൊട്ടിച്ച ശേഷം വഴിയൊരുക്കി അഗ്‌നിരക്ഷാസേന മൃതദേഹം കിടന്നിരുന്ന ഭാഗത്ത് എത്തിയത്. യന്ത്രം ഉപയോഗിച്ച് പാറ മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. ക്വാറിക്ക് അടുത്ത വർഷംവരെ ലൈസൻസ് ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. പ്രവർത്തനം സംബന്ധിച്ച് കലക്‌ടർ റിപ്പോർട് തേടിയിട്ടുണ്ട്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!





































