കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗൺസിലിൽ വീണ്ടും ഭരണ-പ്രതിപക്ഷ പോര്. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായ തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വിഷയങ്ങളിലാണ് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായത്.
തട്ടിക്കൊണ്ടു പോകപ്പെട്ട സിപിഎം കൗൺസിലർ കല രാജു ഇനി യുഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കും. രാവിലെ കൗൺസിൽ യോഗം ചേർന്നപ്പോൾ തങ്ങൾക്കെതിരെയുള്ള കേസ് പിൻവലിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നത്.
എന്നാൽ, നേരത്തെ നോട്ടീസ് നൽകാതെ അടിയന്തിര ചർച്ച അനുവദിക്കാനാകില്ലെന്ന് നഗരസഭാ അധ്യക്ഷ നിലപാടെടുത്തു. ഇതിൻമേൽ അന്യോനം തർക്കം നടക്കുന്നതിനിടെ നഗരസഭാ അധ്യക്ഷ മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ കല രാജുവിനെതിരെ മോശം പരാമർശം നടത്തി എന്ന് യുഡിഎഫ് കൗൺസിലർമാർ നടത്തിയ പ്രസ്‌താവനയാണ് കാര്യങ്ങൾ മോശമാക്കിയത്.
ഇതോടെ മോശം വാക്കുകൾ ഉപയോഗിക്കരുതെന്നും മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴി എന്ന പേരിൽ കള്ളം പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് ഇടതു കൗൺസിലർമാരും പ്രതിഷേധിച്ചു. തുടർന്ന്, യോഗം ബഹളമാവുകയും യുഡിഎഫ് കൗൺസിലർമാർ യോഗ ഹാളിൽ തന്നെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
തന്റെ കാര്യങ്ങൾക്ക് വേണ്ടിയാണ് യുഡിഎഫ് അംഗങ്ങൾ രംഗത്തുവന്നതെന്നും അതിനാൽ ഇനി അവരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും വ്യക്‌തമാക്കി കല രാജുവും കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൗൺസിൽ യോഗത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് രാവിലെ സിപിഎം പാർലമെന്ററി പാർട്ടി യോഗം ചേർന്നെങ്കിലും കല രാജു പങ്കെടുത്തിരുന്നില്ല.
പാർട്ടി അംഗത്വമോ കൗൺസിൽ സ്‌ഥാനമോ കല രാജു രാജി വെച്ചിട്ടില്ല. ഇടത് അംഗമായിരുന്നുകൊണ്ടു തന്നെ യുഡിഎഫിനൊപ്പം നിൽക്കുമെന്നാണ് കല രാജു വ്യക്‌തമാക്കിയിരിക്കുന്നത്.
Most Read| ട്രംപിന്റെ താരിഫ് നയം; രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്