വഴിക്കടവ്: 2019ലെ പ്രളയത്തിൽ കോരൻപുഴ ഗതിമാറി ഒഴുകിയതോടെ പുഞ്ചക്കൊല്ലി കോളനിയിലെ ആദിവാസി കുടുംബങ്ങൾ ദുരിതത്തിലായി. നിലവിൽ ഇവരുടെ വീടുകളുടെ മുറ്റത്തു കൂടിയാണ് വെള്ളം ഒഴുകുന്നത്. മഴ ശക്തിയായാൽ വെള്ളം വീടുകളിലേക്ക് ഇറച്ചിറങ്ങും. പിന്നീട് കണ്ണടച്ച് തുറക്കും മുൻപേ കോളനി മുഴുവൻ വെള്ളത്തിനടിയിലാകും. 2019 ഓഗസ്റ്റിൽ ഉണ്ടായ പ്രളയത്തോടെയാണ് കോരൻപുഴ ഗതിമാറി ഒഴുകിയത്. ഇതോടെയാണ് വനത്തിനുള്ളിലെ കോളനിക്കാർക്ക് ഈ ദുരവസ്ഥ ഉണ്ടായത്.
52 ആദിവാസി കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. നിലവിൽ കോളനിയിലെ എല്ലാ വീടുകളുടെ മുറ്റത്ത് വരെ വെള്ളമാണ്. പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്. മഴ ഇനിയും ശക്തമായാൽ വീടുകൾക്കുള്ളിലേക്ക് വെളളം കയറും. മലയ്ക്ക് മുകളിൽ താൽക്കാലിക ഷെഡുകൾ കെട്ടിയാണ് ആദിവാസികൾ താമസിക്കുന്നത്. ചെറിയ ഒരു മഴ പെയ്താൽ തന്നെ കോളനിയിലേക്കുള്ള പാലവും വെള്ളത്തിനടിയിലാകും. ഇതോടെ തീർത്തും ഇവർ ഒറ്റപ്പെട്ടു പോവുകയാണ് പതിവ്.
പ്രളയത്തിൽ പൂർണമായി വീടുകൾ തകർന്ന എട്ട് കുടുംബങ്ങൾ പുന്നപ്പുഴയ്ക്ക് അക്കരെ കാട്ടിൽ ഷെഡുണ്ടാക്കി താമസം മാറിയിട്ടുണ്ട്. എത്രയും പെട്ടെന്ന് കോരൻപുഴയെ പൂർവസ്ഥിതിയിലാക്കി ഒഴുക്കണമെന്നാണ് ആദിവാസികൾ ആവശ്യപ്പെടുന്നത്. ഇതിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നും ഇവർ ആരോപിച്ചു. കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോയവർക്ക് വെള്ളം കയറിയതോടെ കോളനിയിലേക്ക് തിരിച്ചെത്താൻ കഴിയാത്ത അവസ്ഥയും ഉണ്ടായെന്ന് ഇവർ പറഞ്ഞു.
Read Also: ബീച്ച് ആശുപത്രിയിൽ ഓക്സിജൻ പ്ളാന്റ് സ്ഥാപിച്ചു; പരിശീലനം നാളെ മുതൽ







































