കോഴിക്കോട്: ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിച്ചു. പ്ളാന്റ് പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാർക്കുള്ള പരിശീലന ക്‌ളാസുകൾ നാളെ മുതൽ ആരംഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അടുത്ത ആഴ്‌ച മുതൽ പ്ളാന്റ് പ്രവർത്തനക്ഷമമാകുമെന്നും അധികൃതർ പറഞ്ഞു. നിലവിൽ, പ്ളാന്റിൽ നിന്നും ഓക്‌സിജൻ ആശുപത്രിയിലെത്തിക്കാനുള്ള പൈപ്പുകൾ കൂട്ടിച്ചേർക്കുന്ന പ്രവർത്തനവും പുരോഗമിക്കുകയാണ്.
കോയമ്പത്തൂരിൽ നിന്നാണ് പ്ളാന്റ് കൊണ്ടുവന്നത്. മിനിറ്റിൽ 500 ലിറ്റർ ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള പ്ളാന്റാണ് സ്‌ഥാപിച്ചത്. ദേശീയ ആരോഗ്യ ദൗത്യം ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചിലവഴിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബിപിസിഎല്ലാണ് പ്ളാന്റ് സ്‌ഥാപിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല.
ഇതോടെ ആശുപത്രിയിലെ എല്ലാ കട്ടിലുകളിലും ഓക്‌സിജൻ സംവിധാനം ഒരുക്കും. നിലവിൽ ആശുപത്രിയിലെ 316 കട്ടിലുകളിലാണ് കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം ഉള്ളത്. കോവിഡ് ബാധിതർക്ക് 200, അല്ലാത്ത രോഗികൾക്ക് 116 എന്നിങ്ങനെയാണ് കണക്ക്. കോവിഡിന് മുന്നേ 76 കട്ടിലുകളിൽ മാത്രമായിരുന്നു ഓക്‌സിജൻ സംവിധാനം ഉണ്ടായിരുന്നത്. 550 സിലിണ്ടർ ഓക്‌സിജൻ ആണ് ഇവിടെ ഒരു മാസം ഉപയോഗിക്കുന്നത്.
Read Also: തിരക്ക് നിയന്ത്രിക്കൽ ലക്ഷ്യം; ഇന്ന് മുതൽ മദ്യശാലകൾ അധികസമയം പ്രവർത്തിക്കും