കോതമംഗലം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. മാതിരപ്പള്ളി മേലോത്തുമാലിൽ അലിയാരുടെ മകൻ അൻസിൽ (38) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയായിരുന്നു മരണം. പെൺസുഹൃത്ത് വിഷം നൽകിയെന്ന് അൻസിൽ ബന്ധുക്കളോട് പറഞ്ഞിരുന്നു.
അൻസിലിന്റെ ബന്ധുവിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ 30-കാരിയായ പെൺസുഹൃത്ത് ഇപ്പോൾ കോതമംഗലം പോലീസിന്റെ കസ്‌റ്റഡിയിലാണ്. അൻസിലിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പെൺസുഹൃത്തിനെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തത്. യുവതി ഇക്കാര്യം സമ്മതിച്ചതായാണ് വിവരം.
മാലിപ്പാറയിൽ ഒറ്റയ്‌ക്ക് താമസിക്കുന്ന പെൺസുഹൃത്തിന്റെ വീടിന് സമീപം വ്യാഴാഴ്‌ച പുലർച്ചെയാണ് അൻസിലിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
അൻസിൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. യുവതിയുമായി വർഷങ്ങളായി പരിചയമുണ്ട്. അടുത്തിടെ ഇരുവരുടെയും ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായി. യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അൻസിൽ സംശയിച്ചു. 29ന് യുവതിയുടെ വീട്ടിലെത്തി അൻസിൽ ബഹളമുണ്ടാക്കി. 30ന് പുലർച്ചെയാണ് തനിക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടെന്ന് ബന്ധുവിനെ വിളിച്ചു പറഞ്ഞത്.
ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് യുവതി ചതിച്ചെന്ന് അൻസിൽ വെളിപ്പെടുത്തിയത്. കീടനാശിനി പോലുള്ളതെന്തോ ആണ് അൻസിലിന്റെ ഉള്ളിൽ ചെന്നിരിക്കുന്നതെണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായിട്ടുണ്ട്. ഇയാളെ കരുതിക്കൂട്ടി വിളിച്ചുവരുത്തി വിഷം കലർത്തി നൽകുകയായിരുന്നു എന്നാണ് സൂചന. ക്രിമിനൽ പശ്‌ചാത്തലം ഉള്ളയാളാണ് അൻസിൽ. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്‌റ്റുമോർട്ടം ചെയ്യും.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!