കോട്ടയ്ക്കൽ: രാജ്യത്ത് നൂറുശതമാനം അർബുദ സാക്ഷരതാ നേടുന്ന ആദ്യ നഗരസഭയായി മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ. കാൻകെയർ ഇന്ത്യ ഫൗണ്ടേഷനും നഗരസഭയും സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
അർബുദ ബാധിതരുടെ എണ്ണത്തിലുള്ള വർധന, വൈകിയുള്ള രോഗനിർണയം, സാമൂഹികമായ തെറ്റിദ്ധാരണകൾ എന്നിവയെല്ലാം ചേർന്ന് കേരളത്തിൽ അർബുദ മരണങ്ങളും ദുരിതങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് ‘കാൻക്ളേവ്’ എന്ന ബോധവൽക്കരണ ക്യാംപെയ്ൻ നടത്തി നേട്ടം കൈവരിച്ചത്. ഇതിന്റെ ഭാഗമായി എൻഎസ്എസ് വളണ്ടിയർമാർ ഉൾപ്പടെ 20,711 പേർക്ക് കാൻസർ സാക്ഷരതാ പരിശീലനം നടത്തി.
കുടുംബശ്രീ യൂണിറ്റുകൾ, അയൽക്കൂട്ട ഗ്രൂപ്പുകൾ, ആശമാർ എന്നിവർ വഴി 32 വാർഡുകളിലെ എല്ലാ കുടുംബങ്ങളിലേക്കും അർബുദ സാക്ഷരത എത്തിച്ചു. വിദ്യാർഥികളിലൂടെ കുടുംബത്തെയും അതുവഴി സമൂഹത്തെയും അവബോധമുള്ളവരാക്കി മാറ്റുന്നതാണ് ക്യാപെയ്ൻ. നൂറുശതമാനം അർബുദ സാക്ഷരത നേടിയ നഗരസഭയാക്കിയതിന്റെ പ്രഖ്യാപനം പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ നിർവഹിച്ചു.
കാൻകെയർ ഇന്ത്യ ഫൗണ്ടേഷൻ
ഡെൽഹിയിലെ ബത്ര ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്ററിൽ ചികിൽസ തേടിയ കേരളത്തിൽ നിന്നുള്ള അർബുദ രോഗികളുടെ കുടുംബങ്ങളുടെ അഭ്യർഥന മാനിച്ച് ആരോഗ്യപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, വളണ്ടിയർമാർ തുടങ്ങിയവർ ചേർന്ന് രൂപം കൊടുത്തതാണ് കാൻകെയർ ഇന്ത്യ ഫൗണ്ടേഷൻ.
തുടക്കത്തിൽ ആരോഗ്യ ക്യാമ്പുകൾ നടത്തുന്ന സഹായ ശൃംഖല മാത്രമായിരുന്നു ഇത്. ഇപ്പോൾ രാജ്യത്തുടനീളം ദുർബല സമൂഹങ്ങൾക്ക് പരിചരണം നൽകാനും അർബുദ സംബന്ധമായ വിവരങ്ങൾ പ്രചരിക്കാനും പ്രവർത്തിക്കുന്നു. അർബുദ രോഗികൾക്ക് സഹായം, കൗൺസിലിങ്, പുനരധിവാസം, അതിജീവിച്ചവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പിന്തുണ നൽകൽ തുടങ്ങിയ സേവനങ്ങളും നൽകുന്നു.
Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്






































