കോട്ടയം: തിരുവാതുക്കലിൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. ഇവരുടെ വീട്ടിൽ മുൻപ് ജോലിക്കുണ്ടായിരുന്ന അസം സ്വദേശി അമിത് ആണ് കസ്‌റ്റഡിയിലുള്ളത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
മാസങ്ങൾക്ക് മുൻപ് സ്വഭാവദൂഷ്യം കാരണം ഇയാളെ വിജയകുമാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഫോൺ മോഷ്‌ടിച്ചതിനാണ് പിരിച്ചുവിട്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്. സാഹചര്യ തെളിവുകളുടെ അടിസ്‌ഥാനത്തിൽ അമിത് ആണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സിസിടിവി ദൃശ്യം റെക്കോർഡ് ചെയ്യുന്ന ഡിവിആർ (ഡിജിറ്റൽ വീഡിയോ റെക്കോർഡർ) പ്രതി മോഷ്‌ടിച്ചിട്ടുണ്ട്.
വീടിന്റെ മുന്നിൽ സിസിടിവിയുണ്ട്. ഈ സിസിടിവിയുടെ വിവരങ്ങളെല്ലാം ശേഖരിക്കുന്ന ഡിവിആർ ആണ് പ്രതി മോഷ്‌ടിച്ചത്. വീട്ടിലെ ജോലിക്കാരൻ ആയിരുന്നതിനാൽതന്നെ സിസിടിവിയുണ്ട് എന്ന് മനസിലാക്കിയാണ് അമിത്തിന്റെ നീക്കമെന്ന് പോലീസ് സംശയിക്കുന്നു. വ്യക്‌തിവൈരാഗ്യമാകാം കൊലപാതക കാരണമെന്ന് കോട്ടയം എസ്‌പി ഷാഹുൽ ഹമീദ് പറഞ്ഞു.
വിജയകുമാറിന്റെയും ഭാര്യയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധംകൊണ്ട് ഉപയോഗിച്ചുള്ള മുറിവുകളുണ്ട്. രക്‌തംവാർന്ന നിലയിലായിരുന്നു മൃതദേഹമെന്നും പോലീസ് പറയുന്നു. പ്രതി വീടിനുള്ളിൽ പ്രവേശിച്ചത് പിന്നിലെ വാതിൽ സ്‌ക്രൂഡ്രൈവർ കൊണ്ട് തുറന്നാണെന്നും പോലീസ് കണ്ടെത്തി.
ആദ്യം വിജയകുമാറിനെയാണ് കോടാലി ഉപയോഗിച്ച് വെട്ടിയത്. വിജയകുമാറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മീരയെ പിന്നാലെ വെട്ടി. ഇരുവരെയും അതിക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടത്. ദമ്പതികളെ ആക്രമിക്കാൻ പ്രതി ഉപയോഗിച്ച കോടാലി വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഷണശ്രമം നടന്നിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കൊല്ലപ്പെട്ട രണ്ടുപേരുടെയും ശരീരത്തിലെ ആഭരണങ്ങൾ നഷ്‌ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളിലെ അലമാരകളോ ഷെൽഫുകളോ ഒന്നും കുത്തി തുറന്നിട്ടില്ല.
കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്ന ഇന്ദ്രപ്രസ്‌ഥം ഓഡിറ്റോറിയത്തിന്റെയും മറ്റ് ബിസിനസ് സ്‌ഥാപനങ്ങളുടെയും ഉടമയാണ് വിജയകുമാർ. വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച് രണ്ടുമാസത്തിനുള്ളിലാണ് അദ്ദേഹവും ഭാര്യയും കൊല്ലപ്പെടുന്നത്.
എട്ടുവർഷം മുൻപ് മകൻ കൊല്ലപ്പെട്ട വിഷയത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ, രണ്ടുമാസത്തിനുള്ളിൽ കുടുംബം തന്നെ കൊല്ലപ്പെട്ടത് ദുരൂഹത വർധിപ്പിക്കുന്നു. 2017 ജൂൺ മാസത്തിലാണ് വിജയകുമാറിന്റെ മകൻ ഗൗതം കൃഷ്‌ണകുമാറിനെ തെള്ളകം കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
28 വയസായിരുന്നു അന്ന് ഗൗതമിന്റെ പ്രായം. കാരിത്താസ് റെയിൽവേ ഗേറ്റിന് സമീപമാണ് ഗൗതമിന്റെ മൃതദേഹം കണ്ടത്. ഗൗതമിന്റെ കാർ കാരിത്താസ് ജങ്ഷനും അമ്മഞ്ചേരിക്കും ഇടയിലുള്ള റോഡിൽ പാർക്ക് ചെയ്‌ത നിലയിലും കണ്ടെത്തിയിരുന്നു. ഗൗതമിന്റെ കഴുത്തിൽ ആഴമുള്ള മുറിവും കാറിൽ രക്‌തപ്പാടുകളും ഉണ്ടായിരുന്നു.
മൊബൈൽ ഫോൺ അടക്കമുള്ള വസ്‌തുക്കൾ കാറിൽ ഉണ്ടായിരുന്നതിനാൽ മോഷണത്തിന് വേണ്ടിയുള്ള കൊലപാതകം ആകാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിരുന്നു. മരണം ആത്‍മഹത്യയെന്ന് എഴുതിത്തള്ളുന്നതിനെതിരെ വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഗൗതമിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കോടതി കണ്ടെത്തുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’