കണ്ണൂർ: കൊട്ടിയൂരിൽ ബിജെപി-സിപിഎം സംഘർഷവുമായി ബന്ധപ്പെട്ട് 46 പേർക്കെതിരെ കേസെടുത്തു. 38 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് എതിരെയും 8 ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെയും കേളകം പോലീസാണ് കേസെടുത്തത്. സ്‌റ്റേഷൻ ഹൗസ് ഓഫീസർ പിവി രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ കേസന്വേഷിക്കുന്നത്.
കൊട്ടിയൂരിലെ ബിജെപി ഓഫീസുകൾ തകര്‍ത്തതിലും പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തിലും പ്രതിഷേധിച്ച് കൊട്ടിയൂര്‍ പഞ്ചായത്തില്‍ സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. സംഘർഷം അടുത്ത ഘട്ടത്തിലേക്ക് കടക്കാതിരിക്കാൻ വന്‍ പോലീസ് സംഘമാണ് ഇപ്പോൾ പ്രദേശത്ത് ക്യാംപ് ചെയ്യുന്നത്. കൊട്ടിയൂര്‍ അമ്പല പരിസരം, നീണ്ടുനോക്കി, ചുങ്കക്കുന്ന്, മന്ദംചേരി എന്നിവിടങ്ങളിലാണ് പോലീസിന്റെ ക്യാംപും കൂടുതൽ ശ്രദ്ധയും.
കേളകം പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കൊട്ടിയൂരിൽ നടന്ന രാഷ്‌ട്രീയ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. നാല് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കും എട്ട് യുവമോർച്ച പ്രവർത്തകർക്കുമാണ് സംഘർഷത്തിൽ പരിക്കേറ്റിരുന്നത്. കൊട്ടിയൂർ ടൗണിലുള്ള ബിജെപി ഓഫീസും ക്ഷേത്രത്തിന് സമീപത്തെ ബിജെപി തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസും വ്യാഴാഴ്‌ച രാത്രി തകർക്കപ്പെട്ടിരുന്നു.
കൊട്ടിയൂരിന് സമീപമുള്ള ‘പാലുകാച്ചി’ എന്ന പ്രദേശത്തുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു സംഘട്ടനവും അക്രമവും. പ്രദേശത്ത് ഡിവൈഎഫ്‌ഐ സ്‌ഥാപിക്കുന്ന കൊടികൾ നിരന്തരം നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ പ്രതിരോധിക്കാൻ വ്യാഴാഴ്‌ച വൈകിട്ട് ഡിവെഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി വീണ്ടും പുതിയ കൊടിയുയർത്തി.
എന്നാൽ പ്രതിഷേധ യോഗത്തിലേക്ക് ആർഎസ്എസ് പ്രവർത്തകൻ ഓട്ടോറിക്ഷ ഓടിച്ചുകയറ്റി പ്രകോപനം സൃഷ്‌ടിച്ചുവെന്നും പ്രതിഷേധ യോഗത്തിനു ശേഷം അവിടെ സംസാരിച്ച് നിൽക്കുകയായിരുന്ന പ്രവർത്തകരെ അക്രമിച്ചുവെന്നുമാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉന്നയിക്കുന്ന ആരോപണം. അതേ ദിവസം രാത്രി 10 മണിയോടെയാണ് ബിജെപിയുടെ കൊട്ടിയൂർ ടൗണിലുള്ള ഓഫീസും ക്ഷേത്രത്തിന് സമീപത്തെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസും തകർക്കപ്പെട്ടത്. ഓഫീസ് തകർത്തത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് ബിജെപിയും ആരോപിക്കുന്നു.
സിപിഐഎം പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ എട്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെയും ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ 16 സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെയും ബിജെപി ഓഫീസ് തകര്‍ത്ത സംഭവത്തില്‍ 12 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് എതിരെയും പാമ്പറപ്പാനിലെ യുവകേസരി ക്‌ളബ് തകര്‍ത്ത സംഭവത്തില്‍ 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് എതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.
Most Read: എന്‍ഡിഎക്ക് തിരിച്ചടിയായി കാര്‍ഷിക നിയമം; മുന്നണി വിട്ട് ആര്‍എല്‍പിയും








































