പുൽപ്പള്ളി: ജില്ലയിലെ ചെറിയമല, മാടപ്പള്ളിക്കുന്ന് കോളനിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇരു കോളനികളിലെയും നിലവിലെ സ്‌ഥിതി ആശങ്കാജനകമാണെന്ന് അധികൃതർ വിലയിരുത്തി. കോളനികളിൽ താമസിക്കുന്നവർ പുറത്തിറങ്ങാനോ കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്താനോ പാടില്ലെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. ചെറിയമലയിൽ നടത്തിയ കോവിഡ് പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്. ഇതോടെ കോളനിയിലുള്ള നിരവധി പേരെ അധികൃതർ പുൽപ്പള്ളിയിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
മാടപ്പള്ളിക്കുന്നിലും സ്‌ഥിതി ഗുരുതരമാണ്. പുൽപ്പള്ളി പഞ്ചായത്തിലെ ചാമപ്പാറ വാർഡ് പൂർണമായും, സീതാമൗണ്ട്, മാടപ്പള്ളിക്കുന്ന് പ്രദേശങ്ങളെയും നിലവിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. സീതാമൗണ്ട് ടൗണിലെ ഒരു വ്യാപാരിക്ക് കോവിഡ് സ്‌ഥിരീകരിച്ചതോടെ ഇയാളുമായി സമ്പർക്കത്തിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം ഉണ്ട്.
പെരിക്കല്ലൂർ വാർഡിലും രോഗ വ്യാപനം കൂടുതലാണെന്നും, ജനങ്ങൾ ആരോഗ്യ വിഭാഗം നൽകിയ നിർദേശങ്ങൾ പാലിക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് പികെ വിജയൻ പറഞ്ഞു. ഇവിടെ രോഗികളുടെ എണ്ണം 50 ആയി ഉയർന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം, സി വിഭാഗത്തിൽപെട്ട കൽപ്പറ്റ നഗരസഭാ പരിധിയിൽ പൊതുഗതാഗതം അനുവദിക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ അറിയിച്ചു.
Read Also: കൊയിലാണ്ടിയില്‍ ലോറികള്‍ കൂട്ടിയിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്



































