കാസർഗോഡ്: ജില്ലയിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഇന്നലെ മുതൽ വീണ്ടും കർശനമാക്കി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇന്നലെ പോലീസ് പരിശോധന കർശനമാക്കി. അനാവശ്യമായി പുറത്തിറങ്ങിയവരിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. അതേസമയം കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം നാളെ ജില്ലയിലെത്തും
ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം ഇന്നും പരിശോധനകൾ തുടരും. കഴിഞ്ഞ വാരാന്ത്യ ലോക്ക്‌ഡൗണിൽ നഗരത്തിൽ പരിശോധന കടുപ്പിക്കാത്തതിനെതിരെ ആരോപണം ഉയർന്നിരുന്നു. ഇതോടെയാണ് ഇന്നലെ മുതൽ പോലീസ് നഗരത്തിൽ കർശന പരിശോധന നടത്തിയത്. നഗരത്തിൽ സമീപത്തായി രണ്ടിടങ്ങളിൽ പരിശോധന നടത്തിയതോടെ ഇന്നലെ രാവിലെ ഗതാഗത കുരുക്കിന് കാരണമായി.
ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരമുള്ള നിയന്ത്രണങ്ങൾക്കെതിരെ ജില്ലയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ടിപിആർ അടിസ്‌ഥാനമാക്കി നിയന്ത്രണങ്ങൾ നടത്തിയിട്ടും കേസുകളുടെ എണ്ണം കുറഞ്ഞിരുന്നില്ല. ജില്ലയിലെ ടെസ്‌റ്റുകളുടെ എണ്ണം വർധിപ്പിച്ചപ്പോൾ ആനുപാതികമായി കോവിഡ് പോസിറ്റിവ് കേസുകളും വർധിച്ചു.
ജില്ലയിൽ ഇന്നലെ 715 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ടിപിആർ തുടർച്ചയായ ദിവസങ്ങളിൽ പത്തിൽ താഴെ നിൽക്കുന്ന സാഹചര്യം ആണ് ജില്ലയിലുള്ളത്. കേന്ദ്ര സംഘം നാളെ ജില്ലയിലെത്തി കോവിഡ് സാഹചര്യവും പ്രതിരോധ നടപടികളും ചർച്ച ചെയ്യും.
Read Also: രണ്ടാം ഡോസ് എടുക്കാൻ എത്തി; വാക്‌സിൻ കുത്തിവെച്ചത് രണ്ട് തവണ; പരാതിയുമായി വീട്ടമ്മ