കോഴിക്കോട്: കൊയിലാണ്ടിയിൽ ഉൽസവത്തിനെത്തിച്ച ആനകൾ ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നുപേർക്ക് ദാരുണാന്ത്യം. കുറുവങ്ങാട് വെട്ടാംകണ്ടി താഴെകുനി ലീല (65), വടക്കയിൽ അമ്മുക്കുട്ടി അമ്മ (70), രാജൻ എന്നിവരാണ് മരിച്ചത്. 30ഓളം പേർക്ക് പരിക്കുണ്ട്. എട്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. ഇടഞ്ഞ ഒരാന മറ്റൊരാനയെ കുത്തിയതോടെ രണ്ട് ആനകളും ഇടഞ്ഞോടുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായി ആളുകൾ ചിതറിയോടിയതോടെയാണ് അപകടമുണ്ടായത്.
എഴുന്നള്ളിപ്പ് തുടങ്ങാനിരിക്കെ പടക്കം പൊട്ടിച്ചപ്പോൾ ഒരാന പരിഭ്രമിക്കുകയും അടുത്തുണ്ടായിരുന്ന രണ്ടാമത്തെ ആനയെ കുത്തുകയുമായിരുന്നു. ഇതോടെ രണ്ട് ആനകളും പരിഭ്രമിച്ചു ഓടി. ആനകൾ വരുന്നത് കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെയാണ് പലർക്കും പരിക്കേറ്റത്. പരിക്കേറ്റവരിൽ ഏറെയും സ്‌ത്രീകളാണ്.
ക്ഷേത്ര പരിസരത്തെ ദേവസ്വം ഓഫീസും ആന തകർത്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏഴുപേരാണുള്ളത്. മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. വെടിക്കെട്ടിന്റെ ശബ്‌ദം കേട്ടാണ് ആന വിരണ്ടതെന്നാണ് പ്രാഥമിക വിവരം. അക്രമാസക്‌തരായ ആനകളെ പിന്നീട് പാപ്പാൻമാർ തളച്ചു.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ