കൊയിലാണ്ടി: ജില്ലയിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടനം കഴിഞ്ഞു. കേന്ദ്രമന്ത്രിമാര്‍ വിട്ടു നിന്ന ചടങ്ങില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇടിച്ചു കയറിയത് വിവാദമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 63 കോടി രൂപ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹാര്‍ബര്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ 500 കോടിയുടെ അധിക ഉത്പാദനം സാധ്യമാകും എന്നാണ് പ്രതീക്ഷ.
14 വര്‍ഷമായി മുടങ്ങിക്കിടന്ന പദ്ധതി വീണ്ടും ആരംഭിച്ചപ്പോള്‍ കേന്ദ്ര സഹായമായി ആകെ ചിലവിന്റെ പകുതി ലഭ്യമാക്കും എന്ന് പറഞ്ഞിരുന്നതായി മുഖ്യമന്ത്രി ഉദ്ഘാടന വേളയില്‍ പറഞ്ഞു. എന്നാല്‍ ഇത് പൂര്‍ണമായും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെല്ലാനം, താനൂര്‍, വെള്ളയില്‍ ഹാര്‍ബറുകളും ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര മന്ത്രിമാരായ വി. മുരളീധരന്, സഞ്ജീവ് ബല്യ എന്നിവരെ ഒഴിവാക്കി എന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് ചടങ്ങിന്റെ ശോഭ കെടുത്തി. പിന്നീട് പ്രവര്‍ത്തകര്‍ ഹാര്‍ബറിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.







































