കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽപ്പെട്ട് മരിച്ച വട്ടാങ്കണ്ടി ലീലയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്ന പരാതിയുമായി കുടുംബം. ലീല ധരിച്ച സ്വർണമാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബം പോലീസിൽ പരാതി നൽകിയത്.
നാല് വളകൾ പോസ്‌റ്റുമോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ലഭിച്ചു. കമ്മലിന്റെ ഒരു ഭാഗം സംഭവ സ്‌ഥലത്ത് നിന്നും കിട്ടി. അപകടം നടന്ന സ്‌ഥലത്ത് വിശദമായി പരിശോധിച്ചെങ്കിലും ബാക്കി സ്വർണം കണ്ടെത്താൻ സാധിച്ചില്ല. മാലയും കമ്മലും ഉൾപ്പടെ നാല് പവനോളം സ്വർണാഭരണങ്ങൾ കാണാതായെന്നാണ് പരാതി.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത്. പടക്കം പൊട്ടിയപ്പോൾ വിരണ്ട ആന മറ്റൊരാനയെ കുത്തുകയായിരുന്നു. ഇതിനിടെ ക്ഷേത്രം ഓഫീസ് കെട്ടിടം തകർന്ന് വീണാണ് മൂന്നുപേർ മരിച്ചത്. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ വീതം ഇന്നലെ മന്ത്രി വിഎൻ വാസവൻ കൈമാറി.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ