കോഴിക്കോട്: നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. ആശുപത്രിയിലെ സി ബ്ളോക്കിലെ ഒമ്പതാം നിലയിൽ എസിയുടെ യന്ത്രഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്.
ഒമ്പതാം നിലയ്ക്ക് മുകളിലുള്ള ടെറസിൽ എസി ചില്ലർ ഇൻസ്റ്റലേഷൻ നടക്കുന്നതിനിടെയാണ് തീപടർന്നതെന്നും ഉടൻ തന്നെ ജീവനക്കാർ തീയണച്ചെന്നും ആശുപത്രി എജിഎംപിആർ സഖിൽ ശങ്കർ അറിയിച്ചു. ടെറസിന്റെ ഭാഗത്ത് എസിയുടെ ഭാഗങ്ങൾ വെച്ച സ്ഥലത്ത് നിന്നാണ് തീപടർന്നത്. ഫയർഫോഴ്സ് എത്തും മുൻപേ തീ അണച്ചിരുന്നുവെന്നും രോഗികൾക്ക് ഒന്നും പ്രശ്നം ഉണ്ടായിട്ടില്ലെന്നും സഖിൽ ശങ്കർ പറഞ്ഞു.
ആശുപത്രി പ്രവർത്തനം പൂർണതോതിൽ പുനരാരംഭിച്ചു. വലിയ രീതിയിലുള്ള തീപിടിത്തമാണ് ആശുപത്രിയിൽ ഉണ്ടായത്. ഒമ്പതാം നിലയിൽ വലിയരീതിയിൽ തീയും പുകയും ഉയരുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. രോഗികളെ മുഴുവനായും ആശുപത്രിയിലേക്ക് തിരിച്ചുകയറ്റിയിട്ടുണ്ട്. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപടർന്നത്.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി അധികൃതരുമായി സംസാരിച്ചു. രോഗികൾ സുരക്ഷിതരെന്ന് അധികൃതർ മന്ത്രിയെ അറിയിച്ചു. രോഗികളെ ഷിഫ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ മെഡിക്കൽ കോളേജിൽ ഐസിയു, വെന്റിലേറ്റർ ഒരുക്കാനുള്ള നിർദ്ദേശവും മന്ത്രി നൽകി. എത്രയുംവേഗം രോഗികളെ മാറ്റിയതും തീ പെട്ടെന്ന് അണച്ചതുമാണ് വലിയ അപകടം ഒഴിവാക്കിയത്.
ഒമ്പതാം നിലയിലെ ടെറസിലാണ് തീപിടിത്തമുണ്ടായതെന്ന് റീജ്യണൽ ഫയർ ഓഫീസർ ടി. രജീഷ് പറഞ്ഞു. എസി ചില്ലർ സ്ഥാപിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. വെൽഡിങ് ജോലിക്കിടെ തീപ്പൊരി വീണ് തീ പിടിക്കുകയായിരുന്നു. തെർമോകോൾ കവറിനാണ് തീ പിടിച്ചത്. ആശുപത്രിയിലെ സംവിധാനങ്ങൾ ഉപയോഗിച്ച് തന്നെ തീയണക്കാൻ കഴിഞ്ഞു. കാര്യമായ നാശനഷ്ടം ഉണ്ടായില്ല.
Most Read| ദിത്വ ചുഴലിക്കാറ്റ്; കനത്ത മഴ, പാമ്പൻ പാലം വഴിയുള്ള ട്രെയിൻ ഗതാഗതം നിരോധിച്ചു







































