കോഴിക്കോട്: കൗമാരക്കാർക്ക് പുതിയ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. കൗമാരപ്രശ്നങ്ങൾ, ആരോഗ്യം, സൈബർ സുരക്ഷാ, വിദ്യാഭ്യാസം എന്നിവയെപ്പറ്റി ബോധവൽക്കരിക്കുകയാണ് ‘ചങ്ക്’ എന്ന പദ്ധതിയുടെ ലക്ഷ്യം. ഹൈസ്കൂൾ, ഹയർസെക്കണ്ടറി ക്ളാസുകളിലെ കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ബോധവൽക്കരണം നൽകും.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ എടുകേയാർ പദ്ധതിയുടെ ഭാഗമായാണ് ചങ്ക് എന്ന പേരിൽ വിപുലമായ ബോധവൽക്കരണ-പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 114 സ്കൂളുകൾ കേന്ദ്രീകരിച്ച് ഡോക്ടർമാർ, കൗൺസിലർമാർ, മനഃശാസ്ത്ര വിദഗ്ധർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പരിപാടികൾ നടത്തുക. നവംബർ 14 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന രീതിയിലാണ് പരിപാടികൾ നടക്കുക.
കൗമാരക്കാരായ കുട്ടികളുടെ മാനസിക-പെരുമാറ്റ പ്രശ്നങ്ങൾ തിരിച്ചറിയുക, സുരക്ഷിത കൗമാരത്തിനാവശ്യമായ നൈപുണികൾ സ്വായത്തമാക്കാൻ സഹായിക്കുക, കൗമാര ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയിൽ മികച്ച ബോധവൽക്കരണം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നതിനായി റിസോഴ്സ് പേഴ്സൺമാരെ തിരഞ്ഞെടുത്ത് കഴിഞ്ഞു. നവംബർ 10,11 തീയതികൾ ഇവർക്ക് പ്രത്യേക പരിശീലനം നൽകും.
Most Read: കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി; ദീർഘദൂര സർവീസുകളടക്കം മുടങ്ങും






































