കോഴിക്കോട്: സ്വകാര്യ ബസുകളുടെ മൽസരയോട്ടത്തിൽ കണ്ണൂരും കോഴിക്കോടും വ്യാപക പ്രതിഷേധം. ഇന്നലെ കണ്ണൂരിൽ സ്വകാര്യ ബസിടിച്ച് കണ്ണോത്ത് ചാൽ സ്വദേശി ദേവാനന്ദ് മരിച്ചിരുന്നു. ഇതിനെതിരെ നടന്ന പ്രതിഷേധത്തിൽ കാടാച്ചിറയിൽ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസുകൾ തകർത്തു. പിന്നീട് ബസുകൾ വീണ്ടും സർവീസുകൾ തുടങ്ങിയപ്പോൾ ബൈക്കിലെത്തിയ ആൾ ബസിന്റെ ചില്ല് എറിഞ്ഞ് തകർത്തു.
ശനിയാഴ്‌ചയാണ് സ്വകാര്യ ബസിടിച്ച് പേരാമ്പ്രയിൽ വിദ്യാർഥി മരിച്ചത്. മരുതോങ്കര മൊയിലാത്തറ താഴത്ത് വളപ്പിൽ അബ്‍ദുൾ ജലീലിന്റെ മകൻ അബ്‌ദുൾ ജവാദ് ആണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ വരികയായിരുന്ന ജവാദിനെ ഇടിച്ചിടുകയും ബസിന്റെ ടയർ കയറിയിറങ്ങി മരണം സംഭവിക്കുകയും ആയിരുന്നു.
ഇതിനെതിരായി നടന്ന പ്രതിഷേധത്തിൽ നാദാപുരം-കോഴിക്കോട് റൂട്ടിലോടുന്ന സോൾമേറ്റ് ബസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ബസിന്റെ താക്കോൽ ഊരിയെടുക്കുകയും ബസിന്റെ ചില്ല് അടിച്ചുതകർക്കുകയും ചെയ്‌തു. ബസുകളുടെ മൽസരയോട്ടത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന ആർടിഒ ഓഫീസ് ഉപരോധവും തുടരുകയാണ്. മുസ്‌ലിം ലീഗും ഇന്ന് ആർടിഒ ഓഫീസ് ഉപരോധം നടത്തും.
പേരാമ്പ്രയിൽ ഇന്നലെയും പ്രതിഷേധം നടന്നിരുന്നു. ബസ് തടയാനെത്തിയ യുവജന സംഘടനകളും പോലീസും തമ്മിലാണ് സംഘർഷമുണ്ടായത്. പോലീസ് കസ്‌റ്റഡിയിലെടുത്തവരെ നാട്ടുകാർ ബലംപ്രയോഗിച്ച് മോചിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയിരുന്നു. സമരം നേരിടാനെത്തിയ പോലീസിന്റെ വാഹനത്തിന് മുന്നിൽ സമരക്കാർ റീത്ത് വെച്ചു. കുറ്റ്യാടി റൂട്ടിലേക്ക് സ്വകാര്യ ബസുകൾ സർവീസ് നടത്തിയാൽ തടയുമെന്നാണ് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!