കോഴിക്കോട്: പ്രതിസന്ധിയിലായ മഹിളാമാൾ സംരംഭകരെ കൈവിടില്ലെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. കുടുംബശ്രീ ഏറ്റെടുത്ത് നടത്തുന്ന മാളായതിനാൽ സംരംഭകരെ നിയമപരമായി സഹായിക്കാൻ കഴിയില്ലെന്നും, അവരെ സഹായിക്കാൻ മറ്റു വഴികൾ നോക്കുമെന്നും മേയർ പറഞ്ഞു. മഹിളാമാൾ അടച്ചുപൂട്ടിയതോടെ സംരംഭകരെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
വനിതാ സംരംഭകർക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങിയ മാളാണ് കഴിഞ്ഞ ആഴ്ച അടച്ചു പൂട്ടിയത്. ലോക്ക്ഡൗൺ കാരണം കടകൾ അടച്ചതോടെ പലരും കച്ചവടം അവസാനിപ്പിച്ചിരുന്നു. ഒഴിയാത്തവരുടെ കടകൾ കെട്ടിട ഉടമ സാധനങ്ങൾ പുറത്തെടുത്തിട്ട ശേഷം പൂട്ടുകയാണ് ചെയ്തത്. എന്നാൽ, കട പൂട്ടിയതോടെ സംരംഭകരിൽ ഭൂരിഭാഗം പേരും സാമ്പത്തിക പ്രതിസന്ധിയിൽ ആയി. ഇതോടെയാണ് മേയർ വിഷയത്തിൽ ഇടപെട്ടത്.
സംരംഭകരും പ്രശ്നങ്ങൾ കേട്ട് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മേയർ ഉറപ്പ് നൽകി. അതേസമയം, നിക്ഷേപകരെ വഴിയാധാരമാക്കിയതിൽ കോർപറേഷനും പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. കെട്ടിട ഉടമ സാധനങ്ങൾ പുറത്തെടുത്തുവെച്ച ശേഷം മാൾ അടച്ചുപൂട്ടിയത് കണ്ടിട്ടും കോർപറേഷൻ ഒന്നും ചെയ്തില്ലെന്ന് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ആരോപിച്ചു.
Read Also: വവ്വാൽ സാമ്പിളിൽ നിപ സാന്നിധ്യം, ആന്റിബോഡി കണ്ടെത്തി; ആരോഗ്യമന്ത്രി








































