കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തം; രോഗികളെ മാറ്റി

യുപിഎസ് സൂക്ഷിച്ച മുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് സംശയം. തീപിടിത്തത്തെ തുടർന്ന് യുപിഎസ് പൊട്ടിത്തെറിച്ചു. ആളപായമോ മറ്റു അപകടങ്ങളോ റിപ്പോർട് ചെയ്‌തിട്ടില്ല.

By Senior Reporter, Malabar News
fire at Kozhikode Medical College
Ajwa Travels

കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. പുക കണ്ടയുടൻ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും രോഗികളെ ഒഴിപ്പിച്ചു. അഞ്ഞൂറിലധികം രോഗികൾ ഈ സമയം ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇവരെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്.

അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പടെയുള്ളവയും മാറ്റി. അഗ്‌നിരക്ഷാസേനയും പോലീസും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളപായമോ മറ്റു അപകടങ്ങളോ റിപ്പോർട് ചെയ്‌തിട്ടില്ല.

യുപിഎസ് സൂക്ഷിച്ച മുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് സംശയം. തീപിടിത്തത്തെ തുടർന്ന് യുപിഎസ് പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയോടെയാണ് പുക ഉയർന്നതെന്നാണ് ആശുപത്രിയിൽ ഉണ്ടായിരുന്നവർ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകൾ പേടിച്ച് ചിതറിയോടുകയായിരുന്നു.

അതിനിടെ, സാധാരണനില പുനഃസ്‌ഥാപിക്കുന്നതുവരെ അത്യാഹിത വിഭാഗത്തിലേക്ക് രോഗികളെ കൊണ്ടുവരരുതെന്ന് ആശുപത്രി അധികൃതർ നിർദ്ദേശം നൽകി. അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിലെ തന്നെ മറ്റു വാർഡുകളിലേക്കും സമീപത്തെ ആശുപത്രികളിലേക്കും മാറ്റി. പേടിക്കേണ്ട സാഹചര്യമില്ലെന്നും സൂപ്രണ്ട് അറിയിച്ചു.

ഗുരുതരാവസ്‌ഥയിലുള്ള നാല് രോഗികളെ വെന്റിലേറ്റർ സഹായത്തോടെ മാത്രമേ മറ്റിടങ്ങളിലേക്ക് മാറ്റാനാകൂ. ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. എംകെ രാഘവൻ എംപി ഉൾപ്പടെയുള്ളവർ സ്‌ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്ക് അന്വേഷണത്തിന് നിർദ്ദേശം നൽകി. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അവരെ സുരക്ഷിതമായി മറ്റു സ്‌ഥലത്തേക്ക്‌ മാറ്റാനും നിർദ്ദേശിച്ചു.

Most Read| ‘പുതുതലമുറ വികസനത്തിന്റെ മാതൃക’; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE