കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാൻ തീരുമാനം. ഡിസംബർ ഒന്ന് മുതൽ നടപടി പ്രാബല്യത്തിൽ വരും. ജില്ലാ കളക്‌ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. നിലവിൽ ഒപി ടിക്കറ്റ് സൗജന്യമായാണ് നൽകുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും വികസന പ്രവൃത്തികൾക്കും മറ്റുമുള്ള ചിലവ് വർധിച്ച സാഹചര്യത്തിൽ അതിനുള്ള സാമ്പത്തിക സ്രോതസ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വികസന സമിതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഐഎംസിഎച്ച്, ഡെന്റൽ കോളേജ്, ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചെസ്‌റ്റ് ഡിസീസസ് എന്നിവിടങ്ങളിലും നിരക്ക് ബാധകമാണ്.
പരിസര ജില്ലകളിൽ നിന്നടക്കം ആയിരക്കണക്കിന് രോഗികൾ ദിനംപ്രതി ആശ്രയിക്കുന്ന ആശുപത്രി എന്ന നിലയിൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയെന്നത് വളരെ പ്രധാനമാണെന്ന് ജില്ലാ കളക്‌ടർ പറഞ്ഞു. പത്ത് രൂപ നൽകുകയെന്നത് വ്യക്‌തികൾക്ക് വലിയ പ്രയാസമാവില്ലെന്നും അതുവഴി ലഭിക്കുന്ന തുക ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നും കളക്‌ടർ കൂട്ടിച്ചേർത്തു.
Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം