കോഴിക്കോട്: ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്‌ഥാപനത്തിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് മലപ്പുറം മേൽമുറിയിലെ അൺ എയ്‌ഡഡ് സ്‌കൂളിലെ പ്യൂൺ അബ്‌ദുൽ നാസറാണെന്ന് അന്വേഷണത്തിൽ വ്യക്‌തമായി.
ഇയാളെ ക്രൈം ബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തു. എംഎസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കി. അബ്‌ദുൽ നാസർ ജോലി ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്‌തിരുന്നത്. ഈ ബന്ധം പുലർത്തിയാണ് ചോദ്യപേപ്പർ ചോർത്തിയതെന്നാണ് വിവരം.
മേൽമുറി മഅ്‌ദിൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്യൂണാണ് പിടിയിലായ അബ്‌ദുൽ നാസർ. മലപ്പുറം ജില്ലയിലെ രാമപുരം സ്വദേശിയാണ്. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് അറസ്‌റ്റിലായ ഫഹദിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ് നാസറിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. നാല് സയൻസ് വിഷയത്തിലെ ചോദ്യപേപ്പറാണ് നാസർ ഫഹദിന് അയച്ചുകൊടുത്തത്.
ഫോണിൽ ചോദ്യപേപ്പറിന്റെ ചിത്രമെടുത്ത് അയച്ചു കൊടുക്കുകയായിരുന്നു. ചോദ്യം ചോർത്തിയത് അബ്‌ദുൽ നാസർ സമ്മതിച്ചുവെന്നും ഗൂഢാലോചന തെളിഞ്ഞെന്നും വ്യക്‌തമാക്കിയ ക്രൈം ബ്രാഞ്ച് എസ്‌പി, വിദ്യാഭ്യാസ വകുപ്പിന് സംഭവത്തിൽ പങ്കുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും വ്യക്‌തമാക്കി.
കഴിഞ്ഞ മൂന്ന് പാദവാർഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യപേപ്പർ എംഎസ് സൊല്യൂഷൻസ് ചോർത്തി യുട്യൂബ് ചാനലിലൂടെ നൽകിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 2017ലാണ് ഈ യുട്യൂബ് ചാനൽ തുടങ്ങിയത്. 2023-ലെ ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യങ്ങൾ പ്രവചിച്ച ശേഷം ചാനലിന്റെ വ്യൂവർഷിപ്പിൽ വൻ വർധനവുണ്ടായി. 2024 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയുടെയും ഓണം, ക്രിസ്‌മസ് പരീക്ഷകളുടെയും സമയത്ത് വ്യൂവർഷിപ്പിൽ എണ്ണം വീണ്ടും കൂടിയതായാണ് കണ്ടെത്തൽ.
Most Read| ‘മാർക്കോ’ സിനിമയ്‌ക്ക് വിലക്ക്; ടിവി ചാനലുകൾക്ക് പ്രദർശനാനുമതി ഇല്ല