
കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ സിറ്റി പോലീസിലെ രണ്ട് പോലീസുകാരും പ്രതികൾ. കൺട്രോൾ റൂമിലെ ഡ്രൈവർമാരായ കെ ഷൈജിത്ത്, കെ സനിത്ത് എന്നിവരാണ് കേസിലെ യഥാക്രമം 11ഉം 12ഉം പ്രതികൾ. പിന്നാലെ ഇരുവരെയും ബുധനാഴ്‌ച വൈകീട്ടോടെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ടൗൺ അസി. കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
മലാപ്പറമ്പിലെ ഒരു അപ്പാർട്മെന്റ് കേന്ദ്രീകരിച്ചാണ് പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. വെള്ളിയാഴ്‌ച നടക്കാവ് പോലീസ് ഇവിടെ നടത്തിയ റെയ്‌ഡിൽ നടത്തിപ്പുകാരിയായ വയനാട് ഇരുളം സ്വദേശി ബിന്ദുവടക്കം ഒമ്പതുപേരെയാണ് അറസ്‌റ്റ് ചെയ്‌തത്. തുടരന്വേഷണത്തിലാണ് പോലീസുകാർക്കെതിരെ തെളിവുകൾ കിട്ടിയതും പ്രതിപ്പട്ടികയിൽ ചേർത്തതും.
ബിന്ദുവിന്റെ സുഹൃത്തായ വിദേശത്തുള്ള ബാലുശ്ശേരി വട്ടോളിബസാർ സ്വദേശി അമനീഷ് കുമാറിനെ കേസിൽ പത്താം പ്രതിയായും ചേർത്തിട്ടുണ്ട്. അമനീഷിന്റെ അക്കൗണ്ടിൽ നിന്ന് ഷൈജിത്തിന്റെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഷൈജിത്തിന്റെ അക്കൗണ്ട് വിവരങ്ങളും ഏതെല്ലാം ബാങ്കിലാണ് പണം നിക്ഷേപിച്ചിട്ടുള്ളതെന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണെന്ന് പോലീസ് വ്യക്‌തമാക്കി.
ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷങ്ങളുടെ നിക്ഷേപം വന്നിട്ടുണ്ടെന്നും ഇത് ഏതെല്ലാം കാലഘട്ടത്തിലാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്‌തമാക്കി. 2022 മുതൽ പലതവണയായി അക്കൗണ്ടിലേക്ക് പണമെത്തിയതായി വ്യക്‌തമായിട്ടുണ്ട്. ഗൂഗിൾ പേ, ഫോൺ പേ എന്നിവ വഴിയാണ് നിക്ഷേപം നടത്തിയത്. ഈ അക്കൗണ്ട് സംബന്ധിച്ച ഇടപാടുകൾ ഇവിടെ നിയന്ത്രിക്കുന്നത് നടത്തിപ്പുകാരിയായ ബിന്ദുവാണ്.
കോഴിക്കോട് വിജിലൻസ് വിഭാഗത്തിലെ ഡ്രൈവറായിരുന്നു ഷൈജിത്ത്. പെൺവാണിഭക്കേസിൽ പ്രാഥമിക റിപ്പോർട് വന്നതോടെ വിജിലൻസിൽ നിന്ന് കൺട്രോൾ റൂമിലേക്ക് മാറ്റുകയായിരുന്നു. സനിത്തും ഈ സംഘത്തിന് ഒത്താശ ചെയ്‌തെന്നും സാമ്പത്തിക ഇടപാടടക്കം നടത്തിയെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ഈ പോലീസുകാർ മൂന്നുവർഷം മുൻപ് മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുമ്പോൾ ബിന്ദു സമാനമായ കേസിൽ പിടിയിലായിരുന്നു. അന്ന് തുടങ്ങിയ പരിചയമാണ് പിന്നീട് കൂടുതൽ അടുപ്പത്തിലേക്ക് നയിച്ചത്. പോലീസുകാർക്ക് സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു. റെയ്‌ഡിൽ ഇവരെയടക്കം അറസ്‌റ്റ് ചെയ്യാനായിരുന്നു സിറ്റി പോലീസ് ഉന്നത ഉദ്യോഗസ്‌ഥരുടെ തീരുമാനം. അതിനുള്ള ശ്രമവും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാൽ അത് വിജയിച്ചില്ല.
നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം നിരവധി വീടുകൾ ഉള്ളിടത്താണ് ഈ അപ്പാർട്മെന്റ് സ്‌ഥിതി ചെയ്യുന്നത്. ഫുട്‍ബോൾ പരിശീലനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാൾക്കാണ് ഇവിടെ വാടകയ്‌ക്ക് നൽകിയിരുന്നതെന്ന് അപ്പാർട്മെന്റിന്റെ പാർട്‌ണർമാരിൽ ഒരാളായ സുരേഷ് ബാബു പറഞ്ഞിരുന്നു. അപ്പാർട്മെന്റിനെ കുറിച്ച് ചിലർ പരാതി ഉയർത്തിയതിനെ തുടർന്ന് സിറ്റി ക്രൈം ബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു.
Most Read| ‘നാലാം ക്ളാസിലെ അടിക്ക് 62ആം വയസിൽ തിരിച്ചടി’; ഇത് കാസർഗോഡൻ പ്രതികാരം