തിരുവനന്തപുരം: ഡിസിസി പ്രസിഡണ്ട് ആയിരുന്ന പാലോട് രവിയുടെ ഫോൺ സംഭാഷണം ചോർന്നത് അന്വേഷിക്കാൻ കെപിസിസി. അച്ചടക്ക കമ്മിറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് അന്വേഷണ ചുമതല. കെപിസിസി ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ഫോൺ സംഭാഷണം ചോർന്നതിൽ അന്വേഷണം വേണമെന്ന് പാലോട് രവിയും ആവശ്യപ്പെട്ടിരുന്നു.
ശബ്‌ദരേഖ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും തന്നെ ഡിസിസി പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടന്ന ചതിയാണിതെന്നുമാണ് പാലോട് രവി പറഞ്ഞത്. പിന്നിൽ പ്രാദേശിക തലത്തിലെ വിഭാഗീയതയാണെന്നും ആരോപണം ഉയർന്നിരുന്നു. ഇതോടെയാണ് വിഷയത്തിൽ സമഗ്ര അന്വേഷണം നടത്താൻ പാർട്ടി തീരുമാനിച്ചത്.
വേഗത്തിൽ റിപ്പോർട് സമർപ്പിക്കാനാണ് കെപിസിസിയുടെ നിർദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് എടുക്കാച്ചരക്കായി മാറുമെന്നും എൽഡിഎഫിന് മൂന്നാമതും തുടർഭരണം ലഭിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലടക്കം കോൺഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്നുമുള്ള പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.
കെപിസിസിയും എഐസിസിയും ഇക്കാര്യത്തിലുള്ള അതൃപ്‌തി അറിയിച്ചതിനെ തുടർന്നാണ് പാലോട് രവി രാജിവെച്ചത്. മൂന്ന് മാസം മുൻപ് വാമനപുരം ബ്ളോക്ക് ജനറൽ സെക്രട്ടറി എ. ജലീൽ ഒരു പരിപാടിക്കായി വിളിച്ചപ്പോൾ നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ കോൺഗ്രസ് പ്രതിസന്ധിയിൽ ആകുമെന്ന മുന്നറിയിപ്പ് രൂപേണയാണ് പാലോട് രവി സംസാരിച്ചതെങ്കിലും ചില പരാമർശങ്ങൾ കടുത്തതാണെന്ന് പാർട്ടി വിലയിരുത്തി.
സംഭാഷണം പുറത്തുവിട്ട എ. ജലീലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെപിസിസി പുറത്താക്കി. അതേസമയം, തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി എൻ ശക്‌തൻ ഇന്ന് ചുമതലയേൽക്കും. ഉച്ചയ്‌ക്ക് 12 മണിക്ക് തിരുവനന്തപുരം ഡിസിസി ഓഫീസിൽ എത്തിയാകും ചുമതല ഏറ്റെടുക്കുക. നിലവിൽ താൽക്കാലിക ചുമതലയാണ്. ഒരുമാസത്തിനുള്ളിൽ പുനഃസംഘടന നടത്തി സ്‌ഥിരം അധ്യക്ഷനെ നിയമിക്കാനാണ് കെപിസിസിയുടെ ലക്ഷ്യം.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി