തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോ നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് ചീഫ് എന്‍ജിനീയര്‍ ആര് ഇന്ദുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.
കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്ട്രേഷന് ബ്ളോക്കിന്റെയും ഗ്യാരേജിന്റെയും നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും, ഹരിപ്പാട്, തൊടുപുഴ, കണ്ണൂര്‍, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിർമാണം സംബന്ധിച്ച നടപടി ക്രമങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തുകയും, കരാറുകാരെ വഴിവിട്ട് സഹായിക്കുകയും ചെയ്തതിനാണ് ഇന്ദുവിനെതിരെ നടപടി സ്വീകരിച്ചത്.
ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ ആർ ഇന്ദുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം ശുപാർശ ചെയ്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടും ധനകാര്യ പരിശോധനാ വിഭാഗം സമർപ്പിച്ചിരുന്നു.
കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിന്റെ നിർമാണത്തിലെ അപാകതകൾ കാരണം സർക്കാരിന് 1.39 കോടിയുടെ നഷ്ടമുണ്ടായി എന്നായിരുന്നു കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തുകയും ഇന്ദുവിൽ നിന്ന് നഷ്ടം നികത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Most Read: പുരാവസ്തു തട്ടിപ്പ്; മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി



































