പന്തളം: മധുരമൂറുന്ന തേൻവരിക്ക കിട്ടിയാൽ എങ്ങനെ കഴിക്കാതിരിക്കും അല്ലെ? എന്നാൽ, തേൻവരിക്ക കഴിച്ചത് കാരണം രസകരമായ ഒരു സംഭവം നടന്നിട്ടുണ്ട് പന്തളം കെഎസ്ആർടിസി ഡിപ്പോയിൽ. വീട്ടിൽ ചക്ക മുറിച്ചപ്പോൾ അതിലൊരു പങ്ക് സഹപ്രവർത്തകർക്ക് കൊടുക്കാനായി കെഎസ്ആർടിസി സ്‌റ്റാൻഡിൽ എത്തിയതാണ് കൊട്ടാരക്കര സ്വദേശിയായ ഡ്രൈവർ.
നല്ല ചക്കച്ചുള കണ്ട് ഡ്രൈവർമാരിൽ ഒരാൾ ഡ്യൂട്ടിക്ക് മുൻപ് അത് അകത്താക്കുകയും ചെയ്‌തു. എന്നാൽ, ഡിപ്പോയിലെ രാവിലത്തെ പതിവുപരിപാടിയായ ഊതിക്കൽ തുടങ്ങിയപ്പോഴാണ് ചക്ക ചതിച്ചെന്ന് മനസിലായത്. പൂജ്യത്തിലായിരുന്ന ബ്രത്ത്‌ലൈസർ ഊതിക്കലിൽ പത്തിലെത്തി. പെട്ടല്ലോയെന്ന് ഡ്രൈവർക്ക് അപ്പോഴാണ് മനസിലായത്.
മദ്യപിച്ചില്ലെന്ന് ഡ്രൈവർ അധികൃതരോട് ഉറപ്പിച്ച് പറഞ്ഞെങ്കിലും മദ്യപാനം കണ്ടെത്താനുള്ള ഉപകരണത്തെ അവിശ്വസിക്കാനും വയ്യാത്ത അവസ്‌ഥയിലായി അധികൃതർ. പിന്നീട് പ്രതി ആരെന്ന് കണ്ടെത്താൻ ഒരു ടെസ്‌റ്റ് കൂടി നടത്തി. നേരത്തെ നടത്തിയ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞ ഒരു ജീവനക്കാരനെ വിളിച്ച് ചക്കപ്പഴം കഴിപ്പിച്ചു. പിന്നീടുള്ള പരിശോധനയിൽ അദ്ദേഹവും ‘ഫിറ്റ്’.
അവസാനം തേൻവരിക്കയാണ് പ്രതിയെന്ന് ഉറപ്പിച്ചു. ഇതോടെ ബ്രത്ത്‌ലൈസർ കുടുങ്ങിയവരെല്ലാം നിരപരാധികളായി. രാവിലെ ആറിന് ഡ്യൂട്ടിയ്‌ക്കിറങ്ങും മുൻപ് ഡ്രൈവർമാരിലൊരാളാണ് ആദ്യം ചക്കപ്പഴം കഴിച്ചത്. ഇദ്ദേഹമാണ് ആദ്യം ബ്രത്ത്‌ലൈസറിൽ കുടുങ്ങിയത്. നല്ല മധുരമുള്ള പഴങ്ങൾ പഴക്കം മൂലം പുളിച്ചാൽ അതിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിയും. പുളിക്കാൻ സഹായിക്കുന്ന ഫ്രക്‌ടോസ്, ഗ്ളൂക്കോസ് എന്നീ ഘടകങ്ങൾ ചക്കപ്പഴത്തിലുണ്ട്.
Most Read| 16ആം വയസിൽ സ്‌തനാർബുദം, ശസ്‌ത്രക്രിയ; ഒടുവിൽ ലോകസുന്ദരി കിരീടം