കോട്ടയം: ഗവിയിലേക്ക് വിനോദയാത്രാ സംഘവുമായി വന്ന കെഎസ്ആർടിസി ബസ് കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ആർക്കും പരിക്കുകളില്ല. പുനലൂർ- മൂവാറ്റുപുഴ ഹൈവേയിൽ മണിമലയ്ക്ക് സമീപം ചെറുവള്ളി പള്ളിപ്പടിയിലാണ് സംഭവം.
കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും ബസ് പൂർണമായി കത്തിനശിച്ചു. മലപ്പുറത്ത് നിന്ന് പത്തനംതിട്ടയിലെ ഗവിയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിക്കാണ് മലപ്പുറം ഡിപ്പോയിൽ നിന്ന് ബസ് ഗവിയിലേക്ക് പുറപ്പെട്ടത്. 35ഓളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.
കോട്ടയം മണിമല ജങ്ഷൻ കഴിഞ്ഞു മൂന്ന് കിലോമീറ്റർ പിന്നിട്ട് പഴയിടം എത്തുന്നതിന് തൊട്ടുമുമ്പാണ് ബസിൽ നിന്നും പുക ഉയർന്നത്. തുടർന്ന് ബസ് ജീവനക്കാർ യാത്രക്കാരെ ഉടൻ പുറത്തിറക്കി. തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവർ സംഭവം അറിയിച്ചതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് കൊണ്ടുവന്ന് യാത്രക്കാരെ റാന്നിയിൽ എത്തിച്ചു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്






































