തിരുവനന്തപുരം: കെഎസ്ആർടിസിയിൽ തൊഴിൽ സമയം 12 മണിക്കൂർ ആക്കാൻ നീക്കം. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ഇത് സംബന്ധിച്ചുള്ള നിർദ്ദേശം ഇന്ന് നടക്കുന്ന യൂണിയൻ ചർച്ചയിൽ അവതരിപ്പിക്കും. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്നതാണ് മാനേജ്മെന്റിന്റെ പുതിയ നീക്കത്തിന് പിന്നിലെ കാരണം.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ഡ്യൂട്ടി സമയം വർധിപ്പിക്കുക അല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ വിശദീകരണം. അതേസമയം, മാനേജ്മെന്റിനെതിരെ കടുത്ത അതൃപ്തി മുമ്പും പ്രകടിപ്പിച്ചിട്ടുള്ള യൂണിയനുകൾ ജോലി സമയം കൂട്ടാനുള്ള തീരുമാനത്തെ ശക്തമായി എതിർക്കാനാണ് സാധ്യത.
കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ ബസുകൾ നിരത്തിലിറക്കാനും ആലോചനകൾ നടന്നുവരികയാണ്. അതിനിടെ ശമ്പള പ്രതിസന്ധി രൂക്ഷമായതോടെ ട്രേഡ് യൂണിയനുകൾ സമരം ശക്തമാക്കിയിരുന്നു. വിഷു ദിനത്തിൽ ശമ്പളം ഇല്ലാത്തതിനാൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ചീഫ് ഓഫിസിന് മുന്നിലും യൂണിറ്റ് ഓഫിസുകളിലും ധർണ നടത്തിയിരുന്നു. ഈ മാസം 28ആം തീയതി സൂചനാ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: സിൽവർ ലൈൻ; വിമർശനങ്ങൾക്ക് മറുപടിയുമായി സർക്കാർ- വിദഗ്ധരുമായി ചർച്ച 28ന്







































