
തൃശൂർ: കെഎസ്യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ നടപടി. വടക്കാഞ്ചേരി എസ്എച്ച്ഒ യുകെ ഷാജഹാനെ സ്ഥലം മാറ്റി. പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റം. പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച മജിസ്ട്രേറ്റ് നസീബ് എ അബ്ദുൽ റസാഖ്, ഇതുസംബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച റിപ്പോർട് തേടിയിരുന്നു.
വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനോടാണ് ജില്ലാ പോലീസ് മേധാവി വഴി കോടതി റിപ്പോർട് തേടിയത്. എസ്എഫ്ഐ- കെഎസ്യു സംഘട്ടന കേസിൽ അറസ്റ്റിലായ മൂന്ന് കെഎസ്യു പ്രവർത്തകരെയാണ് കൊടും കുറ്റവാളികളെ പോലെ കറുത്ത തുണികൊണ്ട് തലമുടിയും കൈവിലങ്ങ് അണിയിച്ച് കോടതിയിലെത്തിച്ചത്.
കെഎസ്യു ജില്ലാ വൈസ് പ്രസിഡണ്ട് ഗണേശ് ആറ്റൂർ, ജില്ലാ കമ്മിറ്റി അംഗം അൽ അമീൻ, കിള്ളിമംഗലം ആർട്സ് കോളേജ് യൂണിറ്റ് പ്രസിഡണ്ട് കെഎ അസ്ലം എന്നിവരെയാണ് പോലീസ് ഇത്തരത്തിൽ കോടതിയിൽ എത്തിച്ചത്. ഇങ്ങനെ തുണികൊണ്ട് തലമൂടേണ്ട സാഹചര്യം എന്തെന്ന് കോടതി ആരാഞ്ഞിരുന്നു. തിരിച്ചറിയൽ പരേഡ് വേണ്ടതിനാലാണ് മുഖംമൂടി എന്നായിരുന്നു വിശദീകരണം.
എന്നാൽ, എഫ്ഐആറിൽ പേര് രേഖപ്പെടുത്തിയ പ്രതികളെയാണ് കോടതിയിൽ ഹാജരാക്കിയത് എന്നതിനാൽ ഈ നടപടി ദുരൂഹമായി. ഇവരെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതും മുഖം മൂടിയാണ്. കഴിഞ്ഞ മാസം 19ന് വൈകീട്ട് മുള്ളൂർക്കരയിൽ നടന്ന അടിപിടിയെ തുടർന്നാണ് പോലീസ് കെഎസ്യു പ്രവർത്തകർക്കെതിരെ മാത്രം കേസെടുത്തത്.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി