തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നിർബന്ധമാക്കി. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. നെറ്റ്, പിഎച്ച്ഡി, സെറ്റ്, എംഫിൽ, എംഎഡ് ഉൾപ്പടെ ഉയർന്ന യോഗ്യതയുള്ളവരും ഇനി കെ-ടെറ്റ് പാസാക്കണം.
2025 സെപ്തംബർ ഒന്നിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇളവുകൾ ഒഴിവാക്കിയത്. വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്നതാണ് കെ-ടെറ്റ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സർവീസിലുള്ള അധ്യാപകരും കെ-ടെറ്റ് പാസായിരിക്കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.
ഇതിനെതിരെ റിവ്യൂ ഹരജി നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു. ഇതിനിടെയാണ് യോഗ്യത നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. നെറ്റ്, പിഎച്ച്ഡി, സെറ്റ്, എംഫിൽ, എംഎഡ് എന്നീ ഉയർന്ന യോഗ്യതകൾ ഉള്ളവരെ കെ-ടെറ്റ് നേടുന്നതിൽ നിന്നും ഒഴിവാക്കിയിരുന്ന മുൻ ഉത്തരവ് സർക്കാർ റദ്ദാക്കി.
അഞ്ചുവർഷത്തിലേറെ സർവീസുള്ളവർ കെ-ടെറ്റ് പാസായിരിക്കണം എന്നായിരുന്നു കോടതി ഉത്തരവ്. ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാനാധ്യാപകരാകാനോ ഹയർ സെക്കൻഡറിയിലേക്ക് മാറ്റം വാങ്ങാനോ കെ-ടെറ്റ് ലെവൽ ത്രീ പരീക്ഷ ജയിക്കണം. എൽപി, യുപി വിഭാഗങ്ങളിൽ കെ-ടെറ്റ് ഒന്ന്, രണ്ട് ലെവലുകളിൽ ഏതെങ്കിലും പാസാകണം.
പുതിയ ഉത്തരവ് നിലവിൽ സർവീസിലുള്ള ഒട്ടേറെ അധ്യാപകരെ പ്രതിസന്ധിയിലാക്കും എന്നതിനാൽ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ രംഗത്തെത്തി. അധ്യാപകരെ സർക്കാർ വഞ്ചിച്ചെന്ന വിമർശനമാണ് ഇവർ ഉയർത്തുന്നത്.
Most Read| ഈ പട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം; മേയറും ക്ളർക്കുമെല്ലാം ഇവർ തന്നെ






































