കോഴിക്കോട്: ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ പ്രീമിയം കഫെ കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ് സ്‌റ്റാൻഡിന് എതിർവശത്തുള്ള പിആർ കോംപ്ളക്‌സിൽ ആരംഭിച്ച കഫെ വനംമന്ത്രി എകെ ശശീന്ദ്രനാണ് ഉൽഘാടനം ചെയ്‌തത്.
രാവിലെ ഏഴുമണിമുതൽ രാത്രി 11 വരെയാണ് കഫെ തുറന്ന് പ്രവർത്തിക്കുക. തനത് ഭക്ഷണ രീതിക്കൊപ്പം, വ്യത്യസ്‌തമാർന്ന രുചിയിൽ വിഭവങ്ങൾ ലഭ്യമാക്കുകയാണ് പ്രീമിയം റസ്‌റ്റോറന്റ് വഴി ലക്ഷ്യമിടുന്നത്. കെ ഗിരിജ, സിപി ശ്രീജിഷ, പിപി വീണ എന്നീ സംരംഭകർ ചേർന്നാണ് കഫെയ്‌ക്ക് രൂപം നൽകിയത്. ഇതിന് പുറമെ 11 സർവീസ് സ്‌റ്റാഫും യൂണിറ്റിൽ പ്രവർത്തിക്കുന്നുണ്ട്.
കേറ്ററിങ് സർവീസുകൾ, പാർട്ടി ഓർഡറുകൾ, മീറ്റിങ്ങുകൾ, ഹോം ഡെലിവറി തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. ഒരേസമയം 50 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകും. ഈ സാമ്പത്തികവർഷം ഒന്നരക്കോടി രൂപയുടെ വിറ്റുവരവാണ് യൂണിറ്റ് ലക്ഷ്യമിടുന്നത്.
കേരളത്തിനകത്തും പുറത്തുമുള്ള പ്രീമിയം ഹോട്ടലുകൾക്ക് സമാനമായ സൗകര്യങ്ങൾ ഒരുക്കി പുതിയ ഉപഭോക്‌താക്കളെ സംരംഭത്തിലേക്ക് ആകർഷിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിലൂടെ സംരംഭകർക്ക് സുസ്‌ഥിരമായ വരുമാനം ഉറപ്പുവരുത്താൻ കഴിയുമെന്നാണ് കുടുംബശ്രീ ജില്ലാ മിഷൻ പ്രതീക്ഷിക്കുന്നത്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!