ന്യൂഡെൽഹി: കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം പരിധി വിട്ട് പടർന്നു പിടിക്കാൻ തുടങ്ങിയതോടെയാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. മേള പ്രതീകാത്‌മകമായി നടത്താൻ അദ്ദേഹം നിർദ്ദേശം നൽകി.
കുംഭമേള നിർത്തുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ തീരുമാനത്തിന് സന്യാസിമാർ പിന്തുണ നൽകിയിട്ടുണ്ടെന്ന് മോദി പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുംഭമേള നിർത്തിവെക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഒരു സന്യാസി മരിക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിൽ കുംഭമേള ചുരുക്കാൻ തയാറാണെന്ന് വ്യക്‌തമാക്കി ഒരു വിഭാഗം സന്യാസി സമൂഹം രംഗത്തെത്തിയിരുന്നു. എന്നാൽ കുംഭമേള തുടരുമെന്ന നിലപാടിൽ ഉത്തരാഖണ്ഡ് സർക്കാർ ഉറച്ചുനിന്നു. ഇതോടെ കുംഭമേള നടത്തിപ്പിൽ അനിശ്‌ചിതത്വം ഉയർന്നിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.
Also Read: കോവാക്‌സിൻ ഉൽപാദനം അടുത്ത രണ്ട് മാസത്തിനകം ഇരട്ടിയാക്കും; കേന്ദ്രം







































