കൊല്ലം: കുണ്ടറ പീഡനക്കേസിൽ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടന്ന പരാതി തള്ളി ലോകായുക്ത. വിവരാവകാശ പ്രവർത്തകനായ പായ്ചിറ നവാസ് നൽകിയ പരാതിയാണ് ലോകായുക്ത തള്ളിയത്. മന്ത്രി സംസാരിച്ചത് സ്വന്തം പാർട്ടിയിലെ നേതാവിനോടെന്നാണ് ലോകായുക്ത പറയുന്നത്.
സ്വന്തം പാർട്ടിയുടെ ലോക്കൽ നേതാവിനോടാണ് മന്ത്രി സംസാരിച്ചത്, അതിനെ കേസിൽ ഇടപെട്ടതായി വ്യാഖ്യാനിക്കിനാകില്ല. തെളിവായി ഹാജരാക്കിയ സിഡി വിശ്വാസ്യയോഗ്യമല്ലെന്നും ലോകായുക്ത വ്യക്തമാക്കി.
എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ലോകായുക്തക്ക് നവാസ് ഹരജി നല്‍കിയത്. ശശീന്ദ്രൻ അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടത്തിയതായും മന്ത്രിയായി തുടരാൻ അവകാശമില്ലെന്നും പരാതിയിൽ പറയുന്നു.
കുണ്ടറയിൽ പീഡന ശ്രമത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ച് കേസ് നല്ലരീതിയിൽ ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടതാണ് എകെ ശശീന്ദ്രനെ വിവാദത്തിലായത്. കേസില്‍ മന്ത്രി ഒത്തുതീര്‍പ്പിന് ശ്രമിച്ചു എന്നാരോപിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. മന്ത്രിയുമായി തന്റെ പിതാവ് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തുവിട്ടിരുന്നു. ഇത് വിവാദമായതോടെ മന്ത്രി രാജി വെക്കണമെന്നും രാജിക്ക് തയ്യാറായില്ലെങ്കിൽ മന്ത്രിസഭയില്‍ നിന്ന പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.
Also Read: കടകളിൽ പോകാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഉത്തരവിൽ ഉറച്ച് സർക്കാർ; പ്രതിഷേധം ശക്തം







































